
ബാലരാമപുരം: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ശാഖാതലത്തിൽ നടന്ന വിവിധ സാഹിത്യമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്കായി നേമം യൂണിയനിൽ 24,25 തീയതികളിൽ സാഹിത്യമത്സരങ്ങൾ സംഘടിപ്പിച്ചു. നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി മേലാംകോട് വി.സുധാകരൻ ഉദ്ഘാടനം ചെയ്‌തു.
യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ പാമാംകോട് സനൽ, റസൽപ്പുരം ഷാജി, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീകല, മത്സരത്തിൽ വിധികർത്താക്കളായെത്തിയ ചാക്ക ശശിധരൻ, കുണ്ടമൻകടവ് മോഹനൻ നായർ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. ഡയറക്ടർ ബോർഡ് മെമ്പർ നടുക്കാട് ബാബുരാജ് സ്വാഗതവും വനിതാ സംഘം സെക്രട്ടറി ശ്രീലേഖ നന്ദിയും പറഞ്ഞു. ചിത്രരചന, കവിതാരചന, ഉപന്യാസരചന, വായന,ഗുരുദേവകൃതികളുടെ പാരായണം, പ്രശ്നോത്തരി, പ്രസംഗം എന്നീ ഇനങ്ങളിലായിരുന്നു യൂണിയൻ ഹാളിൽ മത്സരങ്ങൾ അരങ്ങേറിയത്.
67 പോയിന്റ് നേടി അരുവിക്കര ശാഖ ഒന്നാം സ്ഥാനവും 35 പോയിന്റുകൾ നേടി വെടിവെച്ചാൻകോവിൽ ശാഖ രണ്ടാം സ്ഥാനവും, 32 പോയിന്റോടെ ബാലരാമപുരം ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.