നിർദ്ദേശവുമായി പൂർവ വിദ്യാർത്ഥി ഡോ. മനോജ് കുമാർ.കെ.എസ്
തിരുവനന്തപുരം: സ്ഥലപരിമിതി കാരണം വലയുന്ന മെഡിക്കൽ കോളേജ് വളപ്പിൽ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താൻ കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളെ പാർക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റുകയും മെഡിക്കൽ കോളേജ് ജംഗ്ഷനെ ബാധിക്കാത്തവിധം എക്‌സിറ്റ് റോഡുകൾ സജ്ജമാക്കണമെന്നും ആവശ്യമുയർന്നു. പൂർവ വിദ്യാർത്ഥിയും റേഡിയോളജിസ്റ്റുമായ ഡോ. മനോജ്.കെ.എസാണ് സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.
ശ്രീചിത്രയ്‌ക്ക് സമീപത്തുനിന്ന് പുതിയൊരു ഓവർബ്രിഡ്‌ജ് അടുത്തിടെ തുറന്നെങ്കിലും പ്രശ്‌നപരിഹാരമാകില്ല. ഇതിന് സമീപത്തെല്ലാം വാഹനങ്ങളുടെ പാർക്കിംഗ് പതിവാകുകയാണ്. എസ്.എ.ടി, പ്രിൻസിപ്പൽ ഓഫീസ്, എസ്.ബി.ഐ എന്നിവയുടെ പിറകിൽ പാർക്കിംഗ് സൗകര്യമൊരുക്കണം. പുതുതായി പണിത ഓവർബ്രിഡ്ജിന് താഴ്‌വശത്ത് മൾട്ടിലെവൽ പാർക്കിംഗ് സൗകര്യമൊരുക്കണമെന്നും നിർദ്ദേശത്തിലുണ്ട്. പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനും നായനാർ സ്‌മാരകത്തിനും സമീപത്തുള്ള സ്ഥലവും പാർക്കിംഗ് കേന്ദ്രമാക്കിയാൽ മെഡിക്കൽ കോളേജ് വളപ്പിലെ പാർക്കിംഗ് പ്രശ്‌നം അവസാനിക്കുമെന്നാണ് കണ്ടെത്തൽ.
ആശുപത്രിക്ക് പുറത്തെ ഗതാഗതക്കുരുക്കിനും പരിഹാരമുണ്ട്. മെഡിക്കൽ കോളേജ്, ഉള്ളൂർ, കുമാരപുരം റോഡുകളെ ബാധിക്കാത്തവിധം വാഹനങ്ങളെ കടത്തിവിടുകയാണ് പോംവഴി. ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങൾ ആനയറ പൂന്തി റോഡിലൂടെയാണ് മെഡിക്കൽ കോളേജിലെത്തുന്നത്. ഈ ഭാഗത്തുനിന്നുള്ള വാഹനങ്ങളെ പൂന്തിറോഡിലെ മാരുതി സർവീസ് സെന്ററിന് സമീപത്തെ വഴിയൂടെ കടത്തിവിട്ടാൽ അത് പ്രിൻസിപ്പൽ ഓഫീസിന് സമീപത്തെ മഞ്ചാടി ജംഗ്ഷനിലെത്തും അവിടെ നിന്ന് മെഡി.കോളേജ്, ശ്രീചിത്ര, ആർ.സി.സി എന്നിവിടങ്ങളിലെത്താം.
ഈ വഴിയിലെ പറമ്പുകളുടെ കുറച്ചുഭാഗം ഏറ്റെടുത്താൻ റോഡ് സുഗമമാകും. മഞ്ചാടി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാലുള്ള ഭാഗത്ത് റോഡിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് റോഡ് സജ്ജമാക്കിയാൽ അത് നേരെ ഉള്ളൂർ ആക്കുളം റോഡിലെത്തും. രണ്ട് പ്രധാന ഭാഗങ്ങളിലേക്ക് പുതിയ റോഡുകൾ തുറക്കുന്നതോടെ ആശുപത്രിക്ക് പുറത്തെ ഗതാഗതക്കുരുക്കും അഴിയും.