തിരുവനന്തപുരം: ജോലിയിൽ നിന്ന് വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ ഓഫീസുകൾ കയറിയിറങ്ങുകയാണ് തിരുവനന്തപുരം കരിക്കകം ലക്ഷ്‌മി നിവാസിൽ എസ്. വിജയകുമാർ. പത്തനാപുരത്തെ സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ എംപ്ലോയീസ് സഹകരണ സംഘത്തിലെ ജീവനക്കാരനായിരുന്ന വിജയകുമാർ 2020 മേയ് 30നാണ് ജോലിയിൽ നിന്ന് വിരമിച്ചത്.
അന്നുമുതൽ ഗ്രാറ്റുവിറ്റി, ലീവ് സറണ്ടർ, ബോണസ്, പി.എഫ് എന്നിവ ലഭിക്കാൻ മുട്ടാത്ത വാതിലുകളില്ല. ഒാരോ തവണ പരാതിപ്പെടുമ്പോഴും ആനുകൂല്യങ്ങൾ നൽകാമെന്ന് ബന്ധപ്പെട്ടവർ പറയുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി.
റിട്ടയർമെന്റ് ആനുകൂല്യമായി 18 ലക്ഷം രൂപയോളമാണ് വിജയകുമാറിന് ലഭിക്കാനുള്ളത്. സഹകരണ രജിസ്ട്രാർ, സഹകരണ വകുപ്പ് സെക്രട്ടറി എന്നിവർക്കെല്ലാം പരാതി നൽകിയെങ്കിലും തുടർനടപടികൾ മറുപടിക്കത്തിൽ മാത്രം ഒതുങ്ങുകയാണ്.
സംഘം ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകുന്നതിന് തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ അനുവദിക്കാത്തതിനാൽ വിജയകുമാർ സഹകരണ ഓബുഡ്സ്‌മാന് പരാതി നൽകിയിരുന്നു. മൂന്നുമാസത്തിനകം തുക പിൻവലിച്ച് വിതരണം ചെയ്യാൻ സഹകരണസംഘം അഡ്മിനിസ്‌ട്രേറ്ററെ ഓംബ്ഡ്സ്‌മാൻ ചുമതലപ്പെടുത്തി ഉത്തരവിടുകയും ചെയ്‌തു. എന്നാൽ ഉത്തരവിറങ്ങി മൂന്നുമാസമായിട്ടും തുക നൽകാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് ആരോപണം.