വർക്കല: കേരളത്തിലെ ആദ്യ സമ്പൂർണ ഹരിത സ്ഥാപനമായി ഇടവ ഗ്രാമപഞ്ചായത്തിനെയും അനുബന്ധ സ്ഥാപനങ്ങളെയും തിരഞ്ഞെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പും ഹരിതകേരള മിഷനുമാണ് തിരഞ്ഞെടുത്തത്. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം 28ന് ഇടവ മാസ് ഓഡിറ്റോറിയത്തിൽ മന്ത്റി എം.ബി.രാജേഷ് നിർവഹിക്കും. നവകേരള കർമ്മപദ്ധതി രണ്ടിന്റെ കോ-ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ സംബന്ധിക്കും. ഇടവ ഗ്രാമപഞ്ചായത്തിലെ മുഴുവൻ പൊതു സ്ഥാപനങ്ങളും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിൽ 90 ശതമാനത്തിലധികം വിജയം കൈവരിച്ചതിനെത്തുടർന്നാണ് ഇങ്ങനെയൊരു ബഹുമതിക്കർഹത നേടിയത്. സമിതി ചെയർമാനായി എ.ബാലിക്കിനെയും കൺവീനറായി അസിസ്റ്റന്റ് സെക്രട്ടറി കെ.ഗോപകുമാറിനെയും വിവിധ സബ്കമ്മിറ്റി ഭാരവാഹികളായി ഹർഷദ്സാബു, എം.നസീഫ്, മുരളീധരൻനായർ, ഈസ.ആർ, എ.ആർ.ശ്രീനാഥ്, കാപ്പിൽ ഷെഫി, ശുഭ ആർ എസ് കുമാർ, എം.സുരേഷ് കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.