
ആറ്റിങ്ങൽ: ആനൂപ്പാറ - ഊരുപൊയ്ക റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് കുഴികളിൽ വീണ് പരിക്കേൽക്കാൻ സാദ്ധ്യതയുണ്ട്. ചെറു മഴ പെയ്താൽ പോലും റോഡിൽ വെള്ളക്കെട്ടാണ്. ഈ റോഡിലൂടെ വാഹനങ്ങൾക്കും ആളുകൾക്കും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. റോഡ് തകർന്നിട്ട് ഒരു വർഷത്തിലധികമായെങ്കിലും കുഴികൾ അടയ്ക്കാൻ പോലും അധികൃതർ ശ്രമിക്കുന്നില്ല.
അവനവഞ്ചേരി ജംഗ്ഷനിൽ നിന്ന് ഊരുപൊയ്കയിലേക്കുള്ള റോഡിന്റെ പല ഭാഗങ്ങളും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഈ റോഡിൽ ആനൂപ്പാറയ്ക്ക് സമീപം വരെ ആധുനികരീതിയിൽ നവീകരിച്ചിട്ടുണ്ട്. ബാക്കിഭാഗമാണ് മുഴുവനും തകർന്നു കിടക്കുന്നത്.
ആറ്റിങ്ങലിൽ നിന്ന് ഊരുപൊയ്കയിലെത്താനുള്ള എളുപ്പ വഴിയാണിത്. മൂന്ന് സ്വകാര്യബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. അവനവഞ്ചേരിയിൽ നിന്ന് ഊരുപൊയ്ക വഴി ചെമ്പകമംഗലത്തേയ്‌ക്കെത്താനും എളുപ്പമാണ്. റോഡ് തകർന്നത് നിമിത്തം സ്വകാര്യവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഇപ്പോൾ ഈ റോഡിലൂടെ പോകാറില്ല. രാത്രികാലങ്ങളിൽ ഓട്ടോറിക്ഷകളും ഈ റോഡിൽ സവാരി നടത്താറില്ല. റോഡ് തകർന്നത് കാരണം ബസുകൾക്ക് അറ്റകുറ്റപ്പണികൾ കൂടുതലാണെന്ന കാരണം പറഞ്ഞ് ട്രിപ്പുകൾ മുടങ്ങുന്നതും പതിവാണ്.
വിദ്യാർത്ഥികളും ദുരിതത്തിൽ
ടാറും മെറ്റലുമിളകി വൻകുഴികളാണ് പലയിടത്തും രൂപപ്പെട്ടിട്ടുള്ളത്. ആനൂപ്പാറ സ്‌കൂളിന് സമീപം റോഡ് പൂർണമായി തകർന്ന് കൽനട പേലും അസാദ്ധ്യമായ നിലയിലാണ്. സമീപത്തെ എൽ.പി സ്‌കൂളിലേയ്ക്കുള്ള കുട്ടികൾ ഈ ഭാഗത്തുകൂടിയാണ് നടന്ന് സ്‌കൂളിലെത്തുന്നത്. ചെളിയും വെള്ളക്കെട്ടും നിമിത്തം കുട്ടികൾക്ക് ഇവിടെ കടന്നുപോകാൻ പ്രയാസമാണ്.
വൻ കുഴികൾ മാത്രം
ആനൂപ്പാറയിൽ നിന്ന് ഊരുപൊയ്കയിലേക്ക് പോകുമ്പോൾ വളവിന് സമീപം വൻകുഴികളാണുള്ളത്. മൂന്ന് വർഷം മുമ്പ് ഈ ഭാഗത്ത് റോഡ് ഇടിഞ്ഞ് താഴ്ന്ന് വലിയ കുഴി ഉണ്ടായിരുന്നു. ആലയിൽമുക്കിലും റോഡിൽ വലിയ കുഴിയുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കാരണം അപകടങ്ങളും തുടർക്കഥയാണിവിടെ.