തിരുവനന്തപുരം: ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി ചരിത്രസ്‌മാരകമായ തിരുവാറാട്ടുകാവ് ക്ഷേത്രത്തിന്റെ ഭൂമി ഏറ്റെടുക്കും മുമ്പ് ഉപരിതല ഗതാഗത മന്ത്രാലയത്തിലെ വിദഗ്ദ്ധനെ പഠനത്തിനായി നിയോഗിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

ക്ഷേത്രത്തിന്റെ മതിൽക്കെട്ടും നിരൂപണ മണ്ഡപവും ബൈപ്പാസ് വികസനത്തിനായി ഏറ്റെടുക്കാനുള്ള ദേശീയപാത അതോറിട്ടിയുടെ നീക്കത്തിനെതിരെ ക്ഷേത്രഭരണസമിതിയും നാട്ടുകാരും സമർപ്പിച്ച ഹർജിയിലാണ് രണ്ടുമാസത്തിനകം പഠനറിപ്പോർട്ട് ഹാജരാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ സെക്രട്ടറിയോട് നിർദ്ദേശിച്ചത്. ദേശീയപാതാ അതോറിട്ടിയും റവന്യൂ വകുപ്പും റിയൽ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കുന്നതിനായി ക്ഷേത്രത്തിന് കുറച്ചകലെ ബൈപ്പാസിന്റെ അലൈൻമെന്റിൽ മാറ്റംവരുത്തി ക്ഷേത്ര ഭൂമിയിലൂടെ റോഡ് നിർമ്മിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.

തോട്ടവാരം ജംഗ്ഷൻ വരെയുള്ള ഫ്ളൈഓവർ കുറച്ചുദൂരം കൂടി നീട്ടിയാൽ ക്ഷേത്രമുൾപ്പെടുന്ന ചരിത്രസ്‌മാരകം പൊളിക്കാതെ സംരക്ഷിക്കാൻ കഴിയുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുള്ള വിദഗ്ദ്ധ റിപ്പോർട്ട് പരിഗണിച്ചശേഷമേ കേസിൽ അന്തിമ തീർപ്പുണ്ടാകൂവെന്ന് ഹർജിക്കാരുടെ സംഘത്തിലുൾപ്പെട്ട ആറ്റിങ്ങൽ ഹിസ്റ്ററി ലവേഴ്സ് അസോസിയേഷൻ പ്രസിഡന്റും ചരിത്രകാരനുമായ ആർ. നന്ദകുമാർ അറിയിച്ചു.

ക്ഷേത്രവുമായുണ്ടായിരുന്ന കേസുകളുടെ നിയമക്കുരുക്ക് അഴിഞ്ഞതായും സർവീസ് റോഡിൽ അണ്ടർപാസ് നി‌ർമ്മിച്ച് പ്രശ്‌നപരിഹാരം പരിഗണനയിലാണെന്നുമുള്ള ദേശീയപാതാ അതോറിട്ടിയുടെ വെളിപ്പെടുത്തൽ വിവാദമായ സാഹചര്യത്തിലാണ് ഹർജിക്കാ‌ർ നിലപാട് വ്യക്തമാക്കിയത്.