
 ജില്ലാ വികസന കമ്മിഷണറായി അടുത്തയാഴ്ച ചുമതലയേൽക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച സബ്കളക്ടർ എന്ന ഖ്യാതിയുമായി ഹരിയാന സോനിപത്ത് സ്വദേശി അനുകുമാരി ജില്ലാ വികസന കമ്മിഷണറായി ചുമതലയേറ്റെടുക്കുമ്പോൾ പ്രതീക്ഷകളേറെ. വിനയ് ഗോയൽ ചുമതലയൊഴിഞ്ഞതിനെ തുടർന്നാണ് 2018 മുതൽ ഒരുവർഷം തലസ്ഥാനത്ത് സബ് കളക്ടറായിരുന്ന അനുകുമാരി മടങ്ങിയെത്തുന്നത്. അടുത്തയാഴ്ച ചുമതലയേറ്റെടുക്കും.
വികസനപദ്ധതികളുടെ മേൽനോട്ടവും നടത്തിപ്പുമാണ് പ്രധാന ചുമതലകൾ. അനുകുമാരി 2020 സെപ്‌തംബറിലാണ് തലശേരി സബ് കളക്ടറായത്. ചുരുങ്ങിയ കാലയളവിൽ നിറഞ്ഞ ജനപ്രീതിയാണ് അനുകുമാരിക്ക് തലശേരിയിൽ ലഭിച്ചത്. 2018ലെ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാംറാങ്കുകാരിയാണ്. ഒമ്പതുവർഷത്തോളം സ്വകാര്യമേഖലയിൽ ജോലിചെയ്‌ത ശേഷമാണ് അനുകുമാരി സിവിൽ സർവീസെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി ഹിന്ദു കോളേജിൽ ബി.എസ്.സി ഫിസിക്‌സും നാഗ്പൂരിൽ എം.ബി.എയും പൂർത്തിയാക്കി. സ്വകാര്യ കമ്പനിയിലെ ജോലിക്ക് കയറിയതിന് പിന്നാലെ വിവാഹം. സ്വപ്‌നങ്ങൾക്ക് ചെറിയ ഒരു ഇടവേള നൽകിയെങ്കിലും സിവിൽ സർവീസ് മോഹം ഉപേക്ഷിക്കാൻ അവർ തയ്യാറായിരുന്നില്ല. അച്ഛൻ ബൽജിത് സിംഗും അമ്മ സന്തരോദേവിയും ഭർത്താവ് വരുൺദഹിയയും അനുകുമാരിയുടെ സ്വപ്‌നങ്ങൾക്കൊപ്പം നിന്നു. ആദ്യശ്രമത്തിൽ ഒരു മാർക്കിന് നഷ്ടമായ വിജയം രണ്ടാംതവണ നേടിയെടുത്തു. മകൻ വിയാൻ.
തലസ്ഥാനത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യം. ഇവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കും. പുരോഗമിക്കുന്ന പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാകും ആദ്യമുണ്ടാകുക. തലശേരിയിലേതുപോലെ തലസ്ഥാനത്തും നിറയെ സൗഹൃദങ്ങളുണ്ട്. അതൊക്കെ പുതിയ ദൗത്യത്തിന് കരുത്ത് പകരും.
അനുകുമാരി, നിയുക്ത
ജില്ലാ വികസന കമ്മിഷണർ