ep-jayarajan

 കോടതിയിൽ കു​റ്റം നിഷേധിച്ചു


തിരുവനന്തപുരം: നിയമസഭയിൽ എം.എൽ.എമാർ അതിക്രമം കാണിച്ച സമയത്ത് താൻ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞെന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ കോടതിയിൽ നിഷേധിച്ചു. കു​റ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോഴായിരുന്നു കു​റ്റം നിഷേധിച്ചത്.

ഇ.പി. ജയരാജനും കെ.ടി. ജലീലും ചേർന്ന് സ്പീക്കറുടെ ഡയസിൽ അതിക്രമിച്ച് കടക്കുകയും സ്പീക്കറുടെ കസേര ഹാളിലേയ്ക്ക് വലിച്ചെറിഞ്ഞ് നാശനഷ്ടം ഉണ്ടാക്കിയെന്നുമാണ് കു​റ്റപത്രത്തിലുള്ളത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആർ. രേഖയാണ് കു​റ്റപത്രം വായിച്ചു കേൾപ്പിച്ചത്.

സംഭവ സമയത്തെ സി.സി. ടിവി ദൃശ്യങ്ങളുടെ സി.ഡി പൊലീസ് പ്രതികൾക്ക് കൈമാറി. കേസിൽ പ്രോസിക്യൂഷൻ ഇതുവരെ ഏതെല്ലാം രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും ഏതെല്ലാം സാക്ഷികളെയാണ് വിസ്തരിക്കാൻ ഉദ്ദേശിക്കുന്നതടക്കമുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് ഫയൽ ചെയ്യാൻ ഡി.ഡി.പിയ്ക്ക് കോടതി നിർദ്ദേശം നൽകി.

ഇ.പി. ജയരാജൻ ഒഴികെയുളള പ്രതികൾ ആരും ഇന്നലെ കോടതിയിൽ ഹാജരായിരുന്നില്ല. ജയരാജൻ ഒഴികെയുള്ള പ്രതികളുടെ കു​റ്റപത്രം ഈ മാസം 14 ന് കോടതി വായിച്ച് കേൾപ്പിച്ചിരുന്നു. അന്ന് ജയരാജൻ ഹാജരാകാതിരുന്നതിനാൽ കോടതി അദ്ദേഹത്തിന് മ​റ്റൊരു അവസരം നൽകുകയായിരുന്നു.

ജയരാജന് പുറമെ മന്ത്റി വി. ശിവൻകുട്ടി, മുൻ എം.എൽ.എ മാരായ സി. കെ. സദാശിവൻ, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്​റ്റർ, നിലവിലെ എം.എൽ.എയും മുൻ മന്ത്റിയുമായ കെ.ടി ജലീൽ എന്നിവരാണ് കേസിലെ പ്രതികൾ.