തിരുവനന്തപുരം: ജനങ്ങളുടെ പാർട്ടിയാണ് ബി.ജെ.പി എന്ന് ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായ ബി.ജെ.പിയെ ഉയരങ്ങളിലേക്ക് നയിക്കാൻ ഇനിയും ഉയരങ്ങളിലേക്ക് നയിക്കാൻ പ്രവർത്തകർ തുടർച്ചയായി പ്രയത്നിക്കണം. ബി.ജെ.പിയുടെ പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രത്യയശാസ്ത്രപരമായി അടിത്തറയുള്ള പാർട്ടിയാണ് ബി.ജെ.പി. തലസ്ഥാന ജില്ലയിൽ അത് ശക്തിപ്പെടുത്താനും വിപുലീകരിക്കാനും പുതിയ ഓഫീസിന്റെ പ്രവർത്തനത്തിലൂടെ സാധിക്കണം. സംസ്‌കാരിക കേന്ദ്രം കൂടിയായ പുതിയ ഓഫീസിന്റെ വരവോടെ പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജ്ജ്വസ്വലമാകുമെന്നും ഈ ഓഫീസ് വഴി അറിവും ആ മേഖലയിലുണ്ടാകുന്ന മാറ്റവും പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും പകർന്ന് നൽകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓഫീസില്ലാത്ത ജില്ലകളിൽ 512 എണ്ണം പുതുതായി പണിയുകയാണ്. തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി ഓഫീസ് കൂടി ചേർത്ത് ഇതു വരെ 230 എണ്ണത്തിന്റെ പ്രവർത്തനം തുടങ്ങി. ബാക്കിയുള്ളവയും ഉടനെ പൂർത്തിയാകും.

തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിന് സമീപമുള്ള പുതിയ ഓഫീസ് ഉദ്ഘാടനം ബി.ജെ.പി പ്രവർത്തകർ ആഘോഷമാക്കി. നിലവിളക്ക് തെളിച്ചും ഓഫീസിൽ പാർട്ടി പതാക ഉയർത്തിയുമാണ് ജെ.പി. നദ്ദ ഉദ്ഘാടനം നിർവഹിച്ചത്.ചടങ്ങിൽ ബി.ജെ.പിയിൽ അംഗത്വമെടുത്ത സംസ്ഥാനത്തെ മുൻ എ.ഡി.ജി.പിയായിരുന്ന ഇ.ജെ. ജയരാജിനെ ജെ.പി. നദ്ദ ഷോൾ അണിയിച്ച് സ്വീകരിച്ചു.

ചടങ്ങിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി പ്രകാശ് ജാവേഡ്കർ, സഹപ്രഭാരി രാധാ മോഹൻ അഗർവാൾ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്‌ണദാസ്, സി.കെ പദ്മനാഭൻ,​ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ഓഫീസിന് സമീപം ഒരുക്കി​യ നമോ ടീ സ്റ്റാളി​ൽ നി​ന്ന് ചായ കുടിച്ച് പ്രവർത്തകരോട് കുശലം പറഞ്ഞാണ് ജെ.പി. നദ്ദ മടങ്ങിയത്.