തിരുവനന്തപുരം: ഉദിയന്നൂർ ദേവീക്ഷേത്രത്തിൽ നവരാത്രി പൂജയ്ക്ക് ഇന്നലെ തുടക്കമായി. ഒക്ടോബർ 5ന് വിദ്യാരംഭത്തോടെ സമാപിക്കും.ഒൻപത് നിലവിളക്കുകളിൽ ഒൻപത് മാദ്ധ്യമ പ്രവർത്തകർ തിരിതെളിച്ചാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. ഒൻപതുനാൾ പൂജകൾക്ക് പുറമെ ദിവസവും രാത്രി 7 മുതൽ പ്രഭാഷണം, ഭക്തിഗാനസുധ, സംഗീതക്കച്ചേരി എന്നിവ ദേവീമണ്ഡപത്തിൽ നടക്കും. നവരാത്രിയുടെ ആറാം ദിവസമാണ് പൂജവയ്പ്. ഒക്ടോബർ 5 ന് രാവിലെ 7 മുതൽ ക്ഷേത്ര മേൽശാന്തിമാരായ പി.രാധാകൃഷ്ണൻ നമ്പൂതിരി, ഉമേഷ് നമ്പൂതിരി, പ്രൊഫ.ജി.കെ. ബാലചന്ദ്രൻ നായർ, സൂര്യ ശ്രീകുമാർ, ഡോ.പ്രദീപ് കിടങ്ങൂർ എന്നിവരുടെ കർമ്മികത്വത്തിൽ വിദ്യാരംഭം നടക്കും. നവരാത്രിപൂജ ഉദ്ഘാടന ചടങ്ങിൽ മുൻ ക്ഷേത്ര യോഗം പ്രസിഡന്റ് പ്രൊഫ.ജി.കെ ബാലചന്ദ്രൻ നായർ അദ്ധ്യക്ഷനായി. എസ്.വിക്രമൻ
(കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ്), അനിൽനമ്പ്യാർ (ജനം ടി വി ), പി.ജി.സുരേഷ് കുമാർ (ഏഷ്യാനെറ്റ് ), സച്ചിൻ ചന്ദ്രൻ (ദേശാഭിമാനി ), മനോജ് (മാതൃഭൂമി), ശിവകൈലാസ് (ജന്മഭൂമി), സംഗീതജ്ഞൻ തിരുവനന്തപുരം വി.സുരേന്ദ്രൻ, ക്ഷേത്ര മേൽശാന്തിമാർ എന്നിവർ ചേർന്നാണ് ദീപം തെളിച്ചത്. ക്ഷേത്രയോഗം സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ എസ്.എസ്.മധുസൂദനൻ നായർ, ജോയിന്റ് സെക്രട്ടറി കെ.രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. പൂജാദീപം തെളിച്ചവരെ നവരാത്രി പുരസ്‌കാരം നൽകി ആദരിച്ചു.