venni

കിളിമാനൂർ: വെണ്ണിച്ചിറക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഒന്നാം ഘട്ടത്തിന് ശേഷം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ. പണി ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോഴും പ്രാരംഭ നടപടികൾ പോലും പൂർത്തിയായില്ലെന്നാണ് ആക്ഷേപം. കിളിമാനൂർ പഞ്ചായത്തിലെ ഏറ്റവും വലിയ ജലാശയമാണ് പോങ്ങനാടിന് സമീപം വെണ്ണിച്ചിറയിലുള്ളത്. ഒട്ടേറെ ചരിത്ര സ്മൃതികൾ പേറുന്ന കുളം രാജഭരണ കാലത്താണ് നിർമിച്ചത്. അക്കാലത്ത് കാളവണ്ടികളിലും തലച്ചുമടുമൊക്കെയായിട്ടാണ് കാർഷിക വിളകൾ പോങ്ങനാട് ചന്തയിൽ എത്തിച്ചിരുന്നത്. കർഷകർക്കും കന്നുകാലികൾക്കും വിശ്രമിക്കാനും, വെള്ളം കുടിക്കുന്നതിനും ഇവിടെ സൗകര്യം ഒരുക്കിയിരുന്നു. ജനാധിപത്യ ഭരണം വന്നതോടെ ഇവിടെയുണ്ടായിരുന്ന ചരിത്ര ശേഷിപ്പുകൾ പലതും നാമാവശേഷമായി. പിന്നീട് കാലാകാലങ്ങളിൽ പഞ്ചായത്തധികൃതരും മറ്റും ചേർന്ന് കുളം നവീകരിക്കുമായിരുന്നു. ഇതിനിടയിൽ ഇവിടെ മത്സ്യകൃഷിയും നടത്തിയിരുന്നു.

തുടർന്നാണ് നാട്ടിലെ കുട്ടികൾക്കും യുവജനങ്ങൾക്കും നീന്തൽ പരിശീലനത്തിന് പ്രയോജനപ്പെടത്തക്കവിധം പഞ്ചായത്തിന്റെ സഹായത്തോടെ ഷാർക്ക് അക്വാട്ടിക് ക്ലബ് രൂപീകരിച്ചത്. കിളിമാനൂർ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾ ഉൾപ്പെടെ നൂറിലേറെ പേർ ഇവിടെ നീന്തൽ പരിശീലനം നടത്തി. 2016ൽ ആരംഭിച്ച ക്ലബിലെ കുട്ടികൾ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒക്കെ മെഡലുകൾ വാങ്ങുന്ന തലത്തിലേക്ക് നീന്തൽ പരിശീലന കേന്ദ്രം വളർന്നു. പരിശീലനകേന്ദ്രം ദേശീയ നിലവാരത്തിൽ നവീകരിക്കുന്നതിനായി കഴിഞ്ഞ ജില്ലാ പഞ്ചായത്തിന്റെ കാലത്ത് രണ്ട് കോടി രൂപ അനുവദിച്ചു.

ടെൻഡർ നടപടികൾ പൂർത്തിയായി പണികൾ ആരംഭിച്ചെങ്കിലും, ഒച്ചിഴയും വേഗത്തിലായിരുന്നു തുടർന്നുള്ള പണികൾ. ഒന്നാം ഘട്ട പദ്ധതികളിൽ പലതും പൂർത്തിയായിട്ടുമില്ല.