
കല്ലമ്പലം: കൂലിപ്പണി ചെയ്ത് വളർത്തിയ മൂന്ന് മക്കളും പറക്കമുറ്റിയപ്പോൾ നാവായിക്കുളം വെട്ടിയറ പുന്നമൂട് ആലുംമൂട്ടിൽ ശ്രീമതി അമ്മ ഏറെ സന്തോഷിച്ചു.22 വർഷം മുമ്പ് ഭർത്താവ് മരിച്ചിട്ടും മക്കൾക്ക് വേണ്ടി മാത്രമാണ് ഈ അമ്മ ജീവിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ മക്കൾ ഓരോരുത്തരായി ഉപേക്ഷിക്കുകയായിരുന്നു. വിധവയും ഏകയുമായ അമ്മയ്ക്ക് വെട്ടിയറ വുഡ്ലാൻഡിലെ ഷിബിലിയായിരുന്നു ഏക ആശ്രയം. രോഗിയായ ശ്രീമതി അമ്മയുടെ അവസ്ഥ മനസിലാക്കിയ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്റെയും,വൈസ് പ്രസിഡന്റ് സാബുവിന്റെയും അഭ്യർത്ഥനപ്രകാരം ശ്രീമതിയുടെ സംരക്ഷണം വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ഏറ്റെടുത്തു.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ജെ ജിഹാദ്,നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന ഫസൽ,അരുൺ കുമാർ എന്നിവരാണ് ശ്രീമതിയെ സ്നേഹാശ്രമത്തിലെത്തിച്ചത്. സ്നേഹാശ്രമത്തിലെ അമ്മമാർ ശ്രീമതിയെ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്,സെക്രട്ടറി പദ്മാലയം ആർ.രാധാകൃഷ്ണൻ,വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള,ചെയർമാൻ പി.എം. രാധാകൃഷ്ണൻ,മാനേജർ ബി.സുനിൽകുമാർ,ട്രഷറർ കെ.എം രാജേന്ദ്രകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.