കല്ലമ്പലം: കിണറ്റിൽ വീണ മണമ്പൂർ മുണ്ടയിൽക്കോണം സ്വദേശി കണ്ണനെന്ന (30) തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷിച്ചു. ഇന്നലെ രാവിലെ 5.30 ഓടെ ഒറ്റൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഭഗവതിപുരം ക്ഷേത്രത്തിന് സമീപം ചാത്തൻപാറ സുഭാഷിന്റെ വാഴത്തോട്ടത്തിലെ 50 അടി താഴ്ചയുള്ള പൊട്ടക്കിണറ്റിലാണ് കണ്ണൻ വീണത്. കരയ്ക്കെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ അപകട വിവരം കൈയിലുണ്ടായിരുന്ന മൊബൈൽ വഴി കണ്ണൻ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങി കണ്ണനെ കരയ്ക്കെത്തിച്ചു. റോഡ്‌ നിർമ്മാണ തൊഴിലാളിയാണ് കണ്ണൻ. രാവിലെ സഹ തൊഴിലാളികളോടൊപ്പം പ്രഭാത കൃത്യങ്ങൾക്കു പോകവെയാണ് കിണറ്റിൽവീണത്. കൂടെയുണ്ടായിരുന്നവർ അറിഞ്ഞിരുന്നില്ല. ഗ്രേഡ് അസി. സർക്കിൾ ഓഫീസർ എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരവിന്ദൻ, മിധേഷ്, അനന്ദു, അനീഷ്‌ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.