തിരുവനന്തപുരം: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ശുചീകരിച്ചു. ശുചീകരണ പരിപാടിയുടെയും ടൂറിസം ദിനത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ശംഖുംമുഖത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു.
ജില്ലയിലെ 20 കോളേജുകളിലെ ടൂറിസം ക്ളബുകളിൽ നിന്നുള്ള 140 വിദ്യാർത്ഥികളാണ് ശുചീകരണത്തിൽ പങ്കെടുത്തത്. മന്ത്രിമാരായ മുഹമ്മദ് റിയാസും ആന്റണി രാജുവും എം.പി എ.എ. റഹിം എന്നിവരും വിദ്യാർത്ഥികൾക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഉദ്ഘാടനത്തിനുശേഷം വോളന്റിയർമാർ വിവിധ ബാച്ചുകളായി തിരിഞ്ഞ് ശംഖുംമുഖം ബീച്ചിലെ മാലിന്യങ്ങൾ ശേഖരിച്ചു. വേളി, ആക്കുളം എന്നിവിടങ്ങളിലും ടൂറിസം ക്ളബ് അംഗങ്ങൾ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി.
കോവളത്ത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പാർക്കുകളും പരിസരവും ശുചീകരിച്ചു. വർക്കല, നെയ്യാർഡാം, പൊന്മുടി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് നഗരസഭയ്‌ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കൈമാറി. എല്ലാമാസവും ടൂറിസം ക്ളബുകളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണം നടത്തുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അറിയിച്ചു.