പാലോട്: കേരള പൊലീസ് നടപ്പിലാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കേരളകൗമുദി ബോധപൗർണമി ക്ലബിന്റെയും പാലോട് പൊലീസിന്റെയും നേതൃത്വത്തിൽ സ്കൂളുകൾ, കോളേജുകൾ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന ലഹരിവർജ്ജന ബോധവത്കരണ സന്ദേശയാത്ര 29, 30 തീയതികളിൽ നടക്കും. 29ന് രാവിലെ 10ന് പെരിങ്ങമ്മല ഇക്ബാൽ കോളേജ് ഗ്രൗണ്ടിൽ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട്കീലർ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും. പാലോട് സ്റ്റേഷൻ ഓഫീസർ പി.ഷാജിമോൻ, എസ്.ഐ നിസാറുദ്ദീൻ, കേരളകൗമുദി സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, ജി.എസ്.സി.പി.ഒ ബിജു, കിരൺ, രഞ്ജീഷ്, കേരളകൗമുദി അസി.മാനേജർ (പരസ്യം) രാഹുൽ തുടങ്ങിയവർ പങ്കെടുക്കും. യാത്രയോടനുബന്ധിച്ച് 29, 30 തീയതികളിൽ നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ സ്കൂളുകളിലും പ്രധാന കവലകളിലും ബോധവത്കരണ നാടകം 'വെളിച്ചത്തിലേക്ക്' അവതരിപ്പിക്കും. ലഹരിക്കെതിരെ പോരാടാൻ യുവജനതയ്ക്ക് സന്ദേശം പകരുന്ന നാടകത്തിന് രചനയും സംവിധാനവും ഒരുക്കുന്നത് ഷെരീഫ് പാങ്ങോടാണ്.