p

തിരുവനന്തപുരം; കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്‌ഛനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ അഡിഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, പ്രതികളെ പൊലീസ് പിടികൂടില്ലെന്ന് ആരോപിച്ച് പ്രേമനൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ഇന്നലെ ഉച്ചയോടെ സെക്രട്ടേറിയേറ്റിലെത്തിയ പ്രേമനൻ മുഖ്യമന്തിയുടെ അസാന്നിദ്ധ്യത്തിൽ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കാണ് പരാതി കൈമാറിയത്. തുടർന്ന് ഡി.ജി.പിക്കും പരാതി നൽകി.

സംഭവം നടന്ന് ഒൻപത് ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത കാട്ടാക്കട പൊലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും നടപടിക്കതിരെയാണ് പ്രേമനൻ ഇന്നലെ പരാതി നൽകിയത്. ജാമ്യാപേക്ഷയിൽ തന്നെക്കുറിച്ച് അറിയാമെന്ന് പ്രതികൾ പറയുന്നുണ്ടെന്നും അതിനാൽ എസ്.സി /എസ്.ടി അതിക്രമ നിരോധന വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

കേസ് രജിസ്റ്റർ ചെയ്തത് മുതൽ പൊലീസും സി.ഐ.ടി.യു സംഘടനാ നേതൃത്വവും പ്രതികളെ സഹായിക്കുകയാണെന്ന് ആരോപണം നേരത്തേ ഉയർന്നിരുന്നു. ജനങ്ങളാകെ അപലപിക്കുകയും ഹൈക്കോടതി കെ.എസ്.ആർ.ടി.സിയോട് വിശദീകരണം തേടുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയുന്ന അഞ്ചുപേർക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പിലാണ് ആദ്യം കേസെടുത്തിരുന്നത്. പ്രതികളെ വീഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടും ആരുടേയും പേര് പ്രതിപട്ടികയിൽ ചേർക്കാൻ പൊലീസ് തയ്യാറായില്ല. സംഭവം വിവാദമായതോടെയാണ് പിറ്റേന്ന് 354 വകുപ്പ് അനുസരിച്ച് അഞ്ചുപേരെ പ്രതിയാക്കി കേസെടുത്തത്. ഇതിനായി പ്രേമനന്റെ മകളുടെ മൊഴി രേഖപ്പെടുത്തി.എന്നിട്ടും എസ്.സി /എസ്.ടി അതിക്രമ നിരോധന വകുപ്പ് ചേർക്കാത്തത് പ്രതികൾക്ക് മുൻ‌കൂർ ജാമ്യം ലഭിക്കാനാണെന്നാണ് ആരോപണം.