
തിരുവനന്തപുരം: ലഹരിക്കെതിരെ കേരള പൊലീസ് നടപ്പിലാക്കുന്ന ' യോദ്ധാവ് ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ ഗായത്രി ബാബു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷകർത്താക്കളെയും അണിനിരത്തിയുള്ള ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയിൽ മന്ത്രിയും ഭാഗമായി. സ്‌കൂൾ മാനേജർ ഫാ.ജെറോം അൽഫോൺസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ, കൗൺസിലർ ഗായത്രി ബാബു, സിറ്റി ഡി.സി.പി അജിത്കുമാർ, നർക്കോട്ടിക്‌സ് എ.സി.ഷീൻ തറയിൽ, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സുനിൽ കുമാർ മൊററൈസ്, ഹെഡ്മാസ്റ്റർ ഇ. ജയൻ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ സ്‌കൂൾ, കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് യോദ്ധാവിന് രൂപം നൽകിയിരിക്കുന്നത്. മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മിഷണർ അറിയിച്ചു.