തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം കാണാനെത്തുന്ന കാണികൾക്കായി കുടുംബശ്രീ സ്വാദിഷ്ട വിഭവങ്ങളൊരുക്കും.നിലവിൽ 3000 പേർക്കുള്ള ഭക്ഷണത്തിന്റെ ഓർഡർ ലഭിച്ചിട്ടുണ്ട്.ഇതു കൂടാതെ 5000 പേർക്കുള്ള ഭക്ഷണവും കൗണ്ടറുകളിൽ ലഭ്യമാക്കും. ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് ഫുഡ്‌കോർട്ട് സംഘടിപ്പിക്കുക. സ്റ്റേഡിയത്തിന്റെ ടെറസ് പവിലിയനു സമീപത്താണ് കുടുംബശ്രീയുടെ പന്ത്രണ്ട് ഫുഡ് കൗണ്ടറുകൾ പ്രവർത്തിക്കുക. ഓരോന്നിലും എട്ട് ജീവനക്കാർ വീതമുണ്ടാകും. വൈകുന്നേരം മൂന്നു മണിക്ക് ഭക്ഷണ വിതരണം ആരംഭിക്കും. ചിക്കൻ ബിരിയാണി, മുട്ട ബിരിയാണി,ചപ്പാത്തി,പൊറോട്ട,ഇടിയപ്പം,ചിക്കൻ കറി,ചായ,ഇലയട,കപ്പ,സ്നാക്സ്,വെജ് കറി,ഫ്രൂട്ട് സലാഡ്, പോപ്പ്‌കോൺ,മീറ്റ് റോൾ,ചിക്കൻ റോൾ,പൊറോട്ട വെജ് റോൾ,വെജ് സാൻഡ്‌വിച്ച്,ബ്രൂ കോഫി,ബ്ളാക്ക് ടീ, മുട്ട പഫ്സ്,വെജ് കട്ലറ്റ്,കട്ട് ഫ്രൂട്ട്സ്, മീൻ കറി,ചിക്കൻ കട്ലറ്റ്,വെജ് ബർഗർ എന്നിവയാണ് ലഭ്യമാകുക. തിരുവനന്തപുരം ജില്ലയിൽ കുടുംബശ്രീയുടെ കീഴിലുള്ള വിഘ്‌നേശ്വര,ശ്രീപാദം,ശ്രീശൈലം,സാംജീസ്,ശ്രുതി, സമുദ്ര,പ്രതീക്ഷ,ജിയാസ്,കൃഷ്ണ എന്നീ കേറ്ററിംഗ് യൂണിറ്റുകളും രണ്ട് കഫേശ്രീ യൂണിറ്റുകളുമാണ് ക്രിക്കറ്റ് മാമാങ്കം കണാനെത്തുന്ന കായിക പ്രേമികൾക്ക് ഭക്ഷണമൊരുക്കുന്നത്. കുടുംബശ്രീ സംസ്ഥാന മിഷന്റെ മേൽനോട്ടത്തിലാണ് സ്റ്റേഡിയത്തിൽ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.