തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മർദ്ദനമേറ്റ പ്രേമനൻ സ്ഥിരം പരാതിക്കാരനും പ്രശ്നക്കാരനുമാണെന്ന് പ്രതികൾ മുൻകൂർ ജാമ്യഹർജിയിൽ ആരോപിച്ചു. മർദ്ദനമേ​റ്റയാൾ നിരവധി ആളുകളെക്കുറിച്ച് വിവിധ സ്ഥലങ്ങളിൽ പരാതി നൽകിയിട്ടുള്ളയാളാണ്. സംഭവദിവസം കരുതിക്കൂട്ടി രംഗങ്ങൾ ചിത്രീകരിക്കാൻ ആളെക്കൂട്ടിയാണ് പ്രേമനൻ ഡിപ്പോയിലെത്തിയത്. പ്രശ്നമുണ്ടാക്കി രംഗങ്ങൾ ചിത്രീകരിച്ച് അപ്പോൾ തന്നെ മാദ്ധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു. മാദ്ധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് തങ്ങൾക്കെതിരെ സ്ത്രീകളെ ഉപദ്രവിച്ചെന്നതടക്കം ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയതെന്നാണ് പ്രതികളുടെ ഹർജി. സർക്കാരിന്റെ മുഖച്ഛായ നഷ്ടപ്പെടുത്തിയ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെ നിലപാട്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 20നാണ് മകളുടെ കൺസെഷൻ പുതുക്കാൻ പ്രേമനനും മകളും ഡിപ്പോയിലെത്തിയത്. കള്ളിക്കാട് മംഗല്യയിൽ മിലൻ ഡോറിച്ച് എസ്, ആറാമട തെളിഭാഗം പുലരിയിൽ സുരേഷ് കുമാർ എസ്.ആർ, കരകുളം കാച്ചാണി ശ്രീശൈലത്തിൽ എൻ. അനിൽ കുമാർ, വീരണക്കാവ് പന്നിയോട് അജി ഭവനിൽ എസ്. അജി കുമാർ, കു​റ്റിച്ചൽ കല്ലോട് ദാറുൾ അമനിൽ മുഹമ്മദ് ഷെരീഫ് എന്നിവരാണ് പ്രതികൾ. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരാകും.