
ചിറയിൻകീഴ്: സംസ്ഥാന ജൈവവൈവിധ്യ ബോർഡും സോഷ്യൽ ഫോറസ്ട്രിയും സംയുക്തമായി നടപ്പിലാക്കുന്ന മരം സംരക്ഷണ പദ്ധതിയുടെ ഭാഗമായി 650 വൃക്ഷതൈകൾ പെരുമാതുറ കടൽത്തീരത്ത് വച്ചു പിടിപ്പിച്ചു. ചിറയിൻകീഴ് ജൈവവൈവിധ്യ പരിപാലന സമിതി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബി.എം.സി ചെയർപേഴ്സണുമായ പി.മുരളി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫാത്തിമ ഷാക്കിർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം. ജി.എൻ.ആർ.ഇ. ജി.എസ് എ.ഇ, ഓവർസിയർ, വാർഡ് മെമ്പർമാർ, ബി.എം.സി കൺവീനർ, നവകേരളമിഷൻ കോ ഓർഡിനേറ്റർ, വാർഡ് സമിതി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.