
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട മുഴുവൻ കുടിശികകളും തീർക്കാനുള്ള തുക സംസ്ഥാന സർക്കാർ അനുവദിച്ചു. ആറ് കോടി രൂപയാണ് അടിയന്തരമായി സ്‌റ്റേഡിയം നടത്തിപ്പ് നിർവഹിക്കുന്ന കമ്പനിയ്‌ക്ക് അനുവദിച്ചത്. വൈദ്യുതി, വെള്ളം, കോർപ്പറേഷനുള്ള പ്രോപ്പർട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്‌പോർട്‌സ് ഫെസിലിറ്റി ലിമിറ്റഡ് വരുത്തിയ കുടിശിക അടയ്‌ക്കാൻ മാത്രം ഉപയോഗിക്കുന്നതിനായാണ് ഈ തുക അനുവദിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രോപ്പർട്ടി ടാക്‌സ് 2.04 കോടി, വൈദ്യുതി ചാർജ് കുടിശിശിക 2.96 കോടി, വെള്ളക്കരം 64.86 ലക്ഷം, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിനുള്ള 5.36 ലക്ഷം എന്നിങ്ങനെയാണ് നിലവിൽ കുടിശികയുളളത്.