വെള്ളറട: വേനലിൽ കാട്ടുതീ വ്യാപകമായി പടർന്നുപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തുമ്പോഴും വെള്ളറടയിൽ ഒരു ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല. ഗ്രാമപഞ്ചായത്ത് മലയോര ഗ്രാമങ്ങളുടെ ആസ്ഥാനമെന്ന നിലയിൽ വെള്ളറട കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനവും അധികൃതർക്ക് കൈമാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. വെള്ളറടയിലും പരിസര പ്രദേശങ്ങളിലും തീപിടിത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ഫയർ സ്റ്റേഷനുകളുടെ സഹായമാണ് തേടേണ്ടിവരുന്നത്. ഇത് അടിയന്തര ഘട്ടങ്ങളിൽ അപകടങ്ങളുടെ തോത് വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു. വേനൽ കടുത്തതോടെ കാട്ടുതീയും വ്യാപകമായി പടർന്നു പിടിക്കും. എന്നാൽ തീ കണ്ടയുടൻ ഫയർഫോഴ്സിനെ അറിയിച്ചാലും അത് വ്യാപകമാകുമ്പോൾ മാത്രമേ പാറശാലയിൽ നിന്നോ നെയ്യാറ്റിൻകരയിൽ നിന്നോ നെയ്യാർഡാമിൽ നിന്നോ എത്താൻ കഴിയുകയുള്ളൂ. വേനൽ കടുത്തതോടെ തീപിടിത്തവും തുടങ്ങി. ഒരാഴ്ചയ്ക്കു മുമ്പാണ് കുരിശുമല അടിവാരത്ത് ഹെക്ടർ കണക്ക് കൃഷി സ്ഥലങ്ങളിൽ അഗ്നിബാധയുണ്ടായത്.

അത്യാഹിതമുണ്ടായി ഫയർസ്റ്റേഷനിൽ വിവരമറിയിച്ചാൽ നെയ്യാറ്റിൻകരയിൽ നിന്ന് 22 കിലോമീറ്ററും പാറശാലനിന്ന് 16 കിലോമീറ്ററും നെയ്യാർഡാമിൽ നിന്ന് 16 കിലോമീറ്ററും ദൂരമുണ്ട് വെള്ളറടയിൽ എത്തിച്ചേരാൻ. ഇവിടെ ഫയർഫോഴ്സ് എത്തിമ്പോൾത്തന്നെ കാട്ടുതീ പടർന്ന്രു ഹെക്ടർ കണക്കിന് റബർ പുരയിടങ്ങൾ കത്തിനശിക്കുക പതിവാണ്. വെള്ളറടയിൽ ഫയർ യൂണിറ്റ് സ്ഥാപിച്ചാൽ കുന്നത്തുകാൽ,​ ആര്യങ്കോട്,​ അമ്പൂരി,​ ഒറ്റശേഖരമംഗലം,​ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ സേവനം നൽകാൻ കഴിയുമായിരുന്നു.

മലയോരമായതിനാൽ മിക്കപ്പോഴും ഫയർഫോഴ്സിന്റെ സേവനം ആത്യാവശ്യമായും വരുന്നുണ്ട്. വെള്ളറടയിൽ പ്രധാന തീർത്ഥാടന കേന്ദ്രമായ കുരിശുമലയിൽ തീർത്ഥാടന വേളകളിൽ മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ഫയർ യൂണിറ്റിന്റെ സേവനമാണ് ലഭിക്കുന്നത്. മലയോര പ്രദേശത്ത് അപകടങ്ങളും പ്രകൃതി ദുരന്തങ്ങളും ഏറെ സംഭവിക്കുമ്പോൾ അടിയന്തര സേവനം നൽകാൻ കഴിയാതെയാവും. ഇത് മുന്നിൽക്കണ്ടാണ് വെള്ളറട ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ ഗവൺമെന്റിന് നിവേദനങ്ങൾ സമർപ്പിച്ചത്.