 ബാദ്ധ്യത അടിച്ചേല്പിക്കുന്നെന്ന ആരോപണം വസ്‌തുതാവിരുദ്ധം

തിരുവനന്തപുരം: ആനയറ വേൾഡ് മാർക്കറ്റിൽ അഗ്രി എക്‌സ്‌പോ നടത്തിയത് വ്യാപാരികൾ മാർക്കറ്റ് അതോറിട്ടിയോട് ആവശ്യപ്പെട്ടത് പ്രകാരമാണെന്നും ബാദ്ധ്യതയുണ്ടായാൽ തുക വ്യാപാരികൾ തന്നെ വഹിക്കാമെന്ന് സമ്മതപത്രം നൽകിയിരുന്നെന്നും മാർക്കറ്റ് ഷോപ്പ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസ്‌താവനയിൽ അറിയിച്ചു.

എക്‌സ്‌പോയ്‌ക്കുണ്ടായ ബാദ്ധ്യത വ്യാപാരികളുടെ മേൽ സെക്രട്ടറി അടിച്ചേല്പിക്കുകയാണെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും അസോസിയേഷൻ പ്രസിഡന്റ് ഷാം റാഫി വ്യക്തമാക്കി. ജൂലായ് 29ന് ചേർന്ന ഷോപ്പ് ഓണേഴ്സിന്റെ യോഗത്തിലാണ് എക്‌സ്‌പോയുടെ ചെലവ് വഹിക്കാമെന്ന് വ്യാപാരികൾ ഉറപ്പുനൽകിയത്.

ചെലവാകുന്ന തുക തുടർന്നുള്ള 11 മാസത്തിനുള്ളിൽ ഗഡുക്കളായോ ഒന്നിച്ചോ തിരിച്ചടയ്‌ക്കാമെന്നായിരുന്നു ഉറപ്പ്. ഇക്കാര്യം മാർക്കറ്റ് സെക്രട്ടറിക്ക് രേഖാമൂലം നൽകുകയും ചെയ്‌തിട്ടുണ്ട്. സ്റ്റാൾ ബുക്കിംഗ് വഴിയും സ്‌പോൺസർഷിപ്പ് വഴിയും തുക കണ്ടെത്താനായിരുന്നു തീരുമാനം. എന്നാൽ, പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതിനാൽ എക്‌സ്‌പോ മുടങ്ങുമെന്ന സ്ഥിതിയായതോടെയാണ് മാർക്കറ്റ് ഫണ്ടിൽ നിന്ന് 35 ലക്ഷമെടുത്ത് എക്‌സ്‌പോ നടത്തിയത്.

അധികം ചെലവാകുന്ന തുക വ്യാപാരികളുടെ തന്നെ പലിശരഹിത അഡ്വാൻസായി മാർക്കറ്റ് അതോറിട്ടിക്ക് നൽകിയിരിക്കുന്ന തുകയിൽ നിന്ന് ആനുപാതികമായി എടുക്കുന്നതിനുള്ള സമ്മതം യോഗത്തിൽ അസോസിയേഷൻ അറിയിച്ചിരുന്നു. അതുപ്രകാരമാണ് ഇപ്പോൾ 50,000 രൂപ വീതം തിരിച്ചടയ്‌ക്കാൻ സെക്രട്ടറി നിർദ്ദേശിച്ചതെന്നും അസോസിയേഷൻ വ്യക്തമാക്കി.