photo1

നെടുമങ്ങാട്: കരകുളം പഞ്ചായത്തിൽ ഉൾപ്പെട്ട ശീമമുളമുക്ക്-കല്ലയം, പള്ളിമുക്ക് പേരൂർക്കട പോകുന്ന പ്രധാന റോഡിലെ യാത്ര പൊട്ടിപൊളിഞ്ഞ് തകർന്ന് യാത്ര ദുസ്സഹമാണ്. നാല് കിലോമീറ്ററോളം ദൂരം റോഡിലെ ടാർ ഇളകി കുണ്ടും കുഴിയുമായി കാൽനടയാത്ര പോലും ചെയ്യാനാകാത്ത അവസ്ഥയിലാണ്. എം.സി. റോഡിൽ നിന്ന് വട്ടപ്പാറവഴി കുടപ്പനകുന്ന് സിവിൽ സ്റ്റേഷനിൽ പോകുന്നതിനുള്ള എളുപ്പ മാർഗ്ഗം കൂടിയാണിത്. റോഡിൽ മെറ്റൽ നിരത്തിയിരിക്കുന്നതിനാൽ ഇരു ചക്രവാഹനങ്ങൾ വഴുതി വീണ് അപകടം പറ്റുന്നതും പതിവ് കാഴ്ചയാണ്. റോഡ് റീ ടാറിംഗിനും ഓട നിർമ്മാണത്തിനുമായി പി.ഡബ്ല്യു.ഡിഫണ്ടായ 2കോടി രൂപ അനുവദിച്ചിട്ടും പണി ആരംഭിക്കാതെ കോൺട്രാക്ടർ അലംഭാവം കാണിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

പ്രദേശവാസികൾ സ്ഥലം എം.എൽ.എയും മന്ത്രിയുമായ ജി.ആർ. അനിലിനെ റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് അറിയിക്കുകയും തുടർന്ന് മന്ത്രി കോൺട്രാക്ടറോട് റോഡിന്റെ പണി ആരംഭിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ 25ന് റീ ടാറിംഗ് പൂർത്തിയാക്കുമെന്ന് കോൺട്രാക്ടർ ഉറപ്പ് നൽകിയിരുന്നതായും നാളിതുവരെ ആയിട്ടും പണി ആരംഭിച്ചില്ലെന്നും ഫണ്ട് അനുവദിച്ചിട്ട് രണ്ട് വർഷമായെന്നും റോഡിലെ കുഴികളിൽ വീണ് ഇരു ചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതായും പ്രദേശവാസികൾ പറഞ്ഞു. റോഡിലെ പൊടി കച്ചവട സ്ഥാപനങ്ങളിൽ പറന്ന് വീഴുന്നതിനാൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ മടിക്കുന്നതായി കടയുടമകളും പരാതി പെടുന്നു. എത്രയും വേഗം റീ ടാറിംഗ് നടപടികൾ ആരംഭിച്ചില്ലെങ്കിൽ കർശന നടപടി എടുക്കുമെന്ന് ബന്ധപെട്ട അധികാരികൾ കരാറുകാരന് നിർദ്ദേശം നൽകിയിരുന്നു. ഇതെല്ലാം പാടെ അവഗണിച്ചുകൊണ്ടാണ് കരാറുകാരന്റെ പ്രവർത്തനമെന്ന് പരക്കെ ആക്ഷേപം നിലനിൽക്കുന്നു.