sep28a

ആറ്റിങ്ങൽ:സംസ്ഥാനത്ത് ആദ്യമായി നഗരസഭാ തലത്തിൽ നടപ്പാക്കിയ ബയോ മൈനിംഗ് സംവിധാനം വിലയിരുത്തുന്നതിനായി എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടർ രാജമാണിക്യവും,അർബൻ ഡയറക്ടർ അരുണും ഖരമാലിന്യ സംസ്കരണകേന്ദ്രം സന്ദർശിച്ചു. ഇരുമ്പ്,കല്ല്,കോൺക്രീറ്റ് കട്ടകൾ,പ്ലാസ്റ്റിക് എന്നിവ യന്ത്രത്തിൽ വച്ചുതന്നെ വേർതിരിച്ച് പ്രതിദിനം 500 മെട്രിക് ടൺ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള ശേഷി ഈ യന്ത്ര സംവിധാനത്തിനുണ്ട്. മെഷിനറി സംവിധാനത്തിലൂടെ പ്ലാസ്റ്റിക്,റബർ മാലിന്യങ്ങൾ ക്രമീകരിച്ച് സിമന്റ് നിർമ്മാണ മേഖലയിലേക്ക് കയറ്റുമതി ചെയ്യുന്നതിലൂടെ ഇത്തരം ഉത്പന്നങ്ങൾ സിമന്റ് നിർമ്മിതിക്കായുള്ള ഇന്ധനമായും ഉപയോഗിക്കാം. ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് കിട്ടുന്ന വളം മൊത്തവില്പനക്ക് കിലോയ്ക്ക് 2 രൂപ നിരക്കിലും,ചില്ലറ വില്പനയ്ക്ക് കിലോയ്ക്ക് 4 രൂപ നിരക്കിലുമായി ആവശ്യക്കാർക്ക് വിതരണം ചെയ്യും.മാലിന്യ പരിപാലനത്തിനായി മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങൾ ആറ്റിങ്ങൽ നഗരസഭയെ പിന്തുടരണമെന്ന് സർക്കാർ പ്രതിനിധി സംഘം അറിയിച്ചു.