1

വിഴിഞ്ഞം: തലയ്‌ക്കടിയേറ്റ് ജാർഖണ്ഡ് തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിയെ ഇന്നലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊലപാതകത്തിനുശേഷം നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി ലക്കീന്തറിനെ (44 ) ജാർഖണ്ഡിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

പ്രതിക്കൊപ്പം ഒളിവിൽപ്പോയ സുനിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇക്കഴിഞ്ഞ 17ന് രാത്രി 9ന് പുളിങ്കുടി നെട്ടത്താന്നി റോഡിലെ വീട്ടിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലിരിക്കെ ജാർഖണ്ഡ് സ്വദേശി കന്ത്ന ലൊഹറനാണ് (40) മരിച്ചത്. സംഭവം നടന്ന വീട്ടിൽ ഇന്നലെ എത്തിച്ചപ്പോൾ പ്രതി അന്നുനടന്ന സംഭവം പൊലീസിനോട് വിവരിച്ചു. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

കന്ത്ന ലൊഹറനെ പ്രതികൾ ചികിത്സയ്‌ക്കെത്തിച്ച മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കി.