കല്ലറ:പ്രഭാത സവാരിക്കിറങ്ങിയ വിമുക്ത ഭടനെ ക്രൂരമായി മർദ്ദിച്ച രണ്ടുപേർ പിടിയിൽ. ഭരതന്നൂർ ശിവക്ഷേത്രത്തിന് സമീപം ഷിബു ഭവനിൽ വിജയകുമാറി (52) നാണ് മർദ്ദനമേറ്റത്. ഇയാളെ മർദ്ദിച്ച നിരവധി കേസുകളിൽ പ്രതിയായ പാപ്പാൻ രഞ്ജിത്ത് എന്ന രഞ്ജിത്ത് (37), ഭരതന്നൂർ ലെനിൻകുന്ന് സൂര്യ വിലാസത്തിൽ ബിജു (42) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രഭാത സവാരി നടത്തുന്നതിനിടെ പ്രതികൾ വിജയകുമാറുമായി വാക്കുതർക്കത്തിലേർപ്പെടുകയും മർദ്ദിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജയകുമാർ ചികിത്സയിലാണ്. പാങ്ങോട് സി.ഐ എൻ.സുനീഷ്, എസ്.ഐ അജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.