കോവളം:അധികൃതരുടെ അനാസ്ഥയിൽ അപകട മേഖലയായി മാറി കോവളം ജംഗ്ഷൻ. ഇന്നലെ രാവിലെ 8 മണിയോടെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. തുടർന്ന് 10.30 ഓടെയും രണ്ട് ബൈക്കുകൾ തമ്മിൽ അതേ സ്ഥലത്തു വച്ച് കൂട്ടിയിടിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികരെ തൊട്ടടുത്ത പ്രാഥമിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാതെ അടച്ചിരുന്ന കോവളം ബൈപാസ് ഏതാനും ദിവസം മുമ്പ് പൊലീസിന്റെ സഹായത്തോടെ അധികൃതർ തുറന്ന് നൽകിയിരുന്നു. അപകട പരമ്പരയെ തുടർന്ന് കോവളം ജംഗ്ഷനിൽ ഉടൻ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ടൂറിസം പ്രൊമോഷൻ കൗൺസിൽ ആവശ്യപ്പെട്ടു.