തിരുവനന്തപുരം; കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ ഇപ്പോഴും കാണാമറയത്ത്. ഒളിവിലുള്ള പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെയും കോടതി പരിഗണിച്ചില്ല.
ജാമ്യാപേക്ഷയിൽ തീരുമാനമുണ്ടാകാൻ കാത്തിരിക്കുന്നതുപോലെയാണ് പൊലീസിന്റെ നടപടിയെന്ന് പരക്കെ ആക്ഷേപമുണ്ട്. പ്രതികൾക്ക് സംരക്ഷണമൊരുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ആരോപണം. സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാത്തത് ചൂണ്ടിക്കാട്ടി അക്രമത്തിന് വിധേയനായ പ്രേമനൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. പ്രതികളെ രാഷ്ട്രീയം നോക്കാതെ പിടികൂടാൻ റൂറൽ എസ്.പി ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു നിർദ്ദേശവും നൽകി. എന്നാൽ ഇനിയും പൊലീസ് അനങ്ങാത്തതിന് കാരണം വ്യക്തമാകുന്നില്ലെന്ന് പ്രേമനൻ പറയുന്നു.
സംഭവം നടന്ന് 10 ദിവസമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകാത്തത് സേനയ്ക്കുതന്നെ നാണക്കേടായി. ഉന്നത പൊലീസ് അധികാരികൾ നിർദ്ദേശം നൽകിയിട്ടും സ്ഥലത്തെ സി.പി.എം, സി. ഐ.ടി.യു നേതൃത്വത്തിന്റെ ഒത്താശയോടെയാണ് പ്രതികൾക്ക് പൊലീസ് സംരക്ഷണമൊരുക്കുന്നതെന്നും ആരോപണം ശക്തമാകുകയാണ്. കേസ് രജിസ്റ്റർ ചെയ്തത് മുതൽ പൊലീസും സി.ഐ.ടി.യു സംഘടനാ നേതൃത്വവും പ്രതികളെ സഹായിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു. ജനങ്ങളാകെ അപലപിക്കുകയും ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയുന്ന അഞ്ചുപേർക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പിലാണ് ആദ്യം കേസെടുത്തിരുന്നത്. പ്രതികളെ വീഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടും ആരുടെയും പേര് പ്രതിപ്പട്ടികയിൽ ചേർക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം വിവാദമായതോടെ നിവൃത്തിയില്ലാതെയാണ് പിറ്റേന്ന് 354 വകുപ്പ് അനുസരിച്ച് അഞ്ചുപേരെ പ്രതിയാക്കി കേസെടുത്തത്. എന്നിട്ടും എസ്.സി /എസ്.ടി അതിക്രമ നിരോധന വകുപ്പ് ചേർക്കാതിരുന്നത് പ്രതികൾക്ക് മുൻകൂർ ജാമ്യം നേടുന്നതിനു വേണ്ടിയാണെന്ന ആരോപണവുമുണ്ട്.