cricket

വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയവർ നിരാശരായി

തിരുവനന്തപുരം: ആവേശം തിരയടിച്ച അലകടൽ പോലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഗാലറികളിൽ ത്രിവർണപതാകയുമേന്തി നീലപ്പട. ചെണ്ടമേളവും കുഴൽവിളിയും നൃത്തച്ചുവടുകളും വാദ്യമേളങ്ങളുമായി അവർ കാര്യവട്ടത്തെ ആഹ്ലാദത്തിന്റെ നീലക്കടലാക്കി. പക്ഷേ, ട്വന്റി-20 വെടിക്കെട്ട് പ്രതീക്ഷിച്ചുവന്ന കാണികളെ നിരാശരാക്കുന്ന പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കയുടേത്. സ്വിംഗും ബൗൺസുമുള്ള വിക്കറ്റിൽ ഇന്ത്യയും ഇഴഞ്ഞുനീങ്ങിയതോടെ കളി വിരസമായി. മിന്നാമിന്നിക്കൂട്ടം പോലെ, ഗാലറികളിൽ മൊബൈൽ ഫ്ലാഷുകൾ ഒന്നിച്ച് മിന്നിച്ച് അവർ ഇന്ത്യയ്ക്ക് പിന്തുണനൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം ജനറൽ സെക്രട്ടറി , സീതാറാം യെച്ചൂരി,​സൗരവ് ഗാംഗുലി, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാർ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ പ്രമുഖർ കളികാണാനെത്തിയിരുന്നു. സുനിൽ ഗാവസ്കർ, രവിശാസ്ത്രി, അജിത് അഗാർക്കർ, റോബിൻ ഉത്തപ്പ എന്നിവർ കമന്റേറ്റർ പാനലിലെത്തിയത് കാണികൾക്ക് ആഹ്ലാദമായി.

ഇന്നലെ രാവിലെ മുതൽ മറ്റ് ജില്ലകളിൽ നിന്നടക്കം കാര്യവട്ടത്തേക്ക് ജനപ്രവാഹമായിരുന്നു. പൊരിവെയിലിനെ കൂസാതെ സ്റ്റേഡിയത്തിൽ കയറിപ്പറ്റാൻ അവർ മണിക്കൂറുകളോളം കാത്തുനിന്നു. വൈകിട്ട് അഞ്ചരയോടെ ഗാലറികളെല്ലാം നിറഞ്ഞു. ദക്ഷിണാഫ്രിക്കൻ ടീമാണ് സ്റ്റേഡിയത്തിലേക്ക് ആദ്യമെത്തിയത്. 5.50ന് ഇന്ത്യൻ ടീമെത്തിയപ്പോൾ ഗാലറികൾ ഇരമ്പിയാർത്തു. ഓരോ താരവും ബസിൽ നിന്നിറങ്ങുമ്പോഴും ആരാധകർ ആർത്തുവിളിച്ചു. കാതടിപ്പിക്കുന്ന ആ‌രവമുയർത്തിയ കാണികൾക്ക് അഭിവാദ്യം നൽകിയാണ് കൊഹ്‌ലിയും സൂര്യകുമാർ യാദവും ദീപക് ചഹാറും സ്റ്റേഡിയത്തിലെത്തിയത്. ടീമുകൾ പരിശീലനത്തിനിറങ്ങിയപ്പോഴും മൊബൈൽ ഫ്ലാഷുകൾ ഒരുമിച്ച് മിന്നിച്ച് ഗാലറികളിൽ ആവേശത്തിരയിളകി. ആറിന് ഇരു ടീമുകളും പരിശീലനത്തിനിറങ്ങി. ഫു​ട്ബാ​ൾ​ ​പ​രി​ശീ​ല​ന​മാ​ണ് ​ഇന്ത്യൻ​ ​സം​ഘം​ ​ന​ട​ത്തി​യ​ത്.​ ​ദക്ഷിണാഫ്രിക്ക​ ​ഫീ​ൽ​ഡിം​ഗ് ​പ​രി​ശീ​ല​ന​ത്തി​ൽ​ ​മു​ഴു​കി. ആറരയോടെ ടോസ് നേടിയ ക്യാപ്ടൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. 6.55ന് ഇരുടീമുകളും മാച്ച് ഒഫിഷ്യൽസിനൊപ്പം ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ സ്റ്റേഡിയം ഇളകി മറിഞ്ഞു.