വിതുര: ബോണക്കാട് - വിതുര റൂട്ടിൽ കാട്ടാനശല്യം വർദ്ധിച്ചതായി പരാതി.സന്ധ്യ മയങ്ങിയാൽ റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ജഴ്സിഫാം മുതൽ ബോണക്കാട് വരെയുള്ള ഭാഗത്താണ് കൂടുതൽ ശല്യം.റോഡിനിരുവശത്തും കാടായതിനാൽ ആനകൾ വളരെ പെട്ടെന്ന് കാട്ടിൽ നിന്ന് റോഡിലേക്കിറങ്ങും. പകൽ സമയത്ത് പോലും റോഡിൽ ആനകളുടെ സാന്നിദ്ധ്യമുണ്ട്.ഇതിനകം അനവധി പേരെ കാട്ടാന ആക്രമിച്ചിട്ടുണ്ട്. രാത്രിയിൽ റോഡിലാണ് കാട്ടാനകളുടെ ഉറക്കം.
പുലർച്ചെ കെ.എസ്.ആർ.ടി.സി ബസ് എത്തി ഹോൺ മുഴക്കുമ്പോഴാണ് റോഡ് വിട്ട് കാട്ടിലേക്ക് കയറുന്നത്. ആനശല്യം രൂക്ഷമായിട്ട് രണ്ടാഴ്ചയാകുന്നു.നാട്ടുകാർ അനവധി തവണ വനപാലകർക്ക് പരാതി നൽകിയിരുന്നു. ആനശല്യം രൂക്ഷമായതോടെ ബോണക്കാട് നിവാസികൾ ഭീതിയുടെ നിഴലിലാണ്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറിയവരെയും ആനകൾ ആക്രമിച്ച സംഭവവുമുണ്ടായി.
ടൂറിസ്റ്റുകൾ പ്രതിസന്ധിയിൽ
നിലവിൽ ബോണക്കാട് മേഖലയിൽ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. പൊൻമുടി അടച്ചതോടെ ബോണക്കാട്ടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്. അവധി ദിവസങ്ങളിൽ ആയിരങ്ങളാണ് ബോണക്കാട്ട് എത്തുന്നത്. ടൂറിസ്റ്റുകളെയും ആനകൾ ആക്രമിക്കാൻ ശ്രമിച്ച സംഭവമുണ്ടായി. നേരത്തേ ബോണക്കാട് മേഖലയിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവവുമുണ്ടായിട്ടുണ്ട്. ചാത്തൻകോട് മേഖലയിൽ മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചിട്ടുണ്ട്.