
വർക്കല: കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ ഫുട് ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിച്ചിട്ടും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റെയിൽവേ സ്റ്റേഷന് കിഴക്ക് കായൽ തീരപ്രദേശത്തെ നിരവധി കുടുംബങ്ങളുടെ യാത്ര റെയിൽവേ ട്രാക്ക് മറികടന്നാണ്. നിലവിൽ കാപ്പിൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ ഉയർത്തുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. താരതമ്യേന താഴ്ന്ന നിലയിലുള്ള പ്ലാറ്റ്ഫോമുകളാണ് നിശ്ചിത നിലയിൽ ഉയർത്തുന്നത്. പ്ലാറ്റ്ഫോമിന്റെ അതിർത്തി തിരിച്ച് ഫെൻസിംഗ് കൂടി വരുന്നതോടെ പ്രദേശവാസികളുടെ യാത്രാ ദുരിതം കൂടും.
കിഴക്കേ കായൽ തീരത്ത് നിന്ന് റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് തുറക്കുന്ന നിരവധി ഇട റോഡുകളാണുള്ളത്. ചെക്കാലയിൽ ഇട റോഡ്, മാടൻനട ഇട റോഡ്, കുഴിയം ഇട റോഡ് തുടങ്ങി നിരവധി ഇടറോഡുകൾ റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്ത് നിന്നും റെയിൽവേ ട്രാക്കിനോട് അനുബന്ധിച്ചാണ് സന്ധിക്കുന്നത്. ഫുട് ഓവർബ്രിഡ്ജിന് സാദ്ധ്യതകളുണ്ടെങ്കിലും യാഥാർത്ഥ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.
പ്രാദേശിക കൂട്ടായ്മ നിരവധി തവണ എം.പി, എം.എൽ.എ എന്നിവർക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.
കാപ്പിൽ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ച് ഫുട് ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ ഇനിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് പൊതുവേയുള്ള ആവശ്യം.
അപകടത്തിലേക്ക് ചാട്ടം
റെയിൽവേ സ്റ്റേഷന് കിഴക്കുവശത്ത് ഏകദേശം ഇരുന്നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. സ്ത്രീകളും,കുട്ടികളും, വൃദ്ധജനങ്ങളും ഉൾപ്പെടെ കാപ്പിൽ ജംഗ്ഷനിൽ എത്തണമെങ്കിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കണം.ഇങ്ങനെ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുമ്പോൾ അപകട സാദ്ധ്യതയും ഏറെയാണ്.
ഒരുകാലത്ത് പ്ലാറ്റ്ഫോമിന്റെ ഇരുഭാഗത്തും ട്രോളി പാത്ത് ഉണ്ടായിരുന്നത് റെയിൽവേ അധികൃതർ അടച്ചു. സ്റ്റേഷനിൽ ടിക്കറ്റ് വിതരണം കരാറടിസ്ഥാനത്തിൽ തുടരുന്നതിനാൽ ട്രോളി പാത്ത് പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറായതുമില്ല.
തിരുവനന്തപുരം - കൊല്ലം ജില്ലാ അതിർത്തി കൂടിയായ കാപ്പിൽ റെയിൽവേ സ്റ്റേഷന് ഒരുകാലത്ത് നിർണായകത്വം ഉണ്ടായിരുന്നു. ഒരു ഗ്രാമപഞ്ചായത്തിന് കീഴിൽ രണ്ട് റെയിൽവേ സ്റ്റേഷൻ എന്ന ബഹുമതിക്ക് ഇടവയെ പ്രാപ്തമാക്കിയതും കാപ്പിൽ റെയിൽവേ സ്റ്റേഷനായിരുന്നു.