തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി -20 മത്സരത്തിൽ ഇക്കുറി ക്രിക്കറ്റ് പ്രേമികൾക്ക് ഭക്ഷണമൊരുക്കി കുടുംബശ്രീ നേടിയത് മുൻ വർഷത്തെക്കാൾ ഇരട്ടി വരുമാനം. 2019ൽ ഭക്ഷണമൊരുക്കി നേടിയത് നാലര ലക്ഷമായിരുന്നെങ്കിൽ ഇന്ന് 10.25 ലക്ഷം രൂപയാണ് കുടുംബശ്രീയുടെ വരുമാനം. മുൻ വർഷത്തെ പ്രവർത്തനങ്ങൾ മുൻനിറുത്തിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കാണികൾക്ക് ഭക്ഷണമൊരുക്കേണ്ട ഉത്തരവാദിത്വം കുടുംബശ്രീക്ക് നൽകിയത്. ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്‌റ്റേഡിയത്തിൽ ഒരുക്കിയ 10 കാറ്ററിംഗ് യൂണിറ്റുകളിലെ 12 കൗണ്ടറുകളും രാത്രി 11 മണിവരെ സജീവമായിരുന്നു. 2019ലെ ഇന്ത്യ -വെസ്റ്റിൻഡീസ് അന്താരാഷ്ട്ര ട്വന്റി -20 മത്സരത്തിലും 2018ലും 2017ലുമായി ഗ്രീൻഫീൽഡിൽ നടന്ന മത്സരങ്ങളിലും ഭക്ഷണമൊരുക്കിയത് കുടുംബശ്രീയായിരുന്നു.