general

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് പാർക്കിംഗ് ഏരിയയോട് ചേർന്ന കൊടിനട കച്ചേരിക്കുളം മാലിന്യപ്പറമ്പായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ല. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങളുടെ വൻ ശേഖരങ്ങളുടെ കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. ദേശീയപാതയിൽ നിന്ന് 20 മീറ്റർ അകലെയാണ് ഈ ദുരിതക്കാഴ്ച.ബാലരാമപുരത്ത് തെരുവ് നായ ശല്യം വർദ്ധിക്കുന്നതിന് ഇടയാക്കുന്നതിന്റെ മുഖ്യകാരണവും ഇതുതന്നെയാണ്. മത്സ്യ - മാംസാവശിഷ്ടങ്ങൾ തേടിയെത്തുന്ന തെരുവ് നായ്ക്കളുടെ സ്ഥിരം സങ്കേതവും കൊടിനട കച്ചേരിക്കുളമാണെന്ന് പറയാതെ വയ്യ. ഒരേക്കറോളം വരുന്ന പഞ്ചായത്ത് ഭൂമിയുടെ പകുതിയോളം ഭാഗം പഞ്ചായത്തിന്റെ പാർക്കിംഗ് ഏരിയയാണ്. ബാക്കി പകുതിഭാഗം കൃഷിക്കായി ഉപയോഗിച്ചിരുന്ന കച്ചേരിക്കുളമായിരുന്നു. ലക്ഷങ്ങൾ മുടക്കി പണിത പാർക്കിംഗ് ഏരിയയും ഇന്ന് വിജനമാണ്.

കുളവാഴകളും പൂച്ചെടികളും വളർന്ന് കുളം ക്ഷയിച്ചിട്ട് കാലങ്ങളേറെയായി. കൊടിയ വിഷമുള്ള അണലി,​മൂർഖൻ എന്നിവയും മാലിന്യകേന്ദ്രത്തിൽ പതിയിരിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി ഹോട്ടൽ മാലിന്യവും പച്ചക്കറിവേസ്റ്റുകളും ഇവിടെ തള്ളുകയാണ്. പകർച്ചവ്യാധി ഭീഷണി വർദ്ധിച്ചതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.