തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളന നഗരിയിൽ സ്ഥാപിക്കേണ്ട പതാക പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ബാനർ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും കൊടിമരം അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയും ഏറ്റുവാങ്ങും.

സമ്മേളന നഗരിയിലേക്കുള്ള പതാക വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്റെ നേതൃത്വത്തിലും ബാനർ ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തിലും കൊടിമരം നെയ്യാറ്റിൻകരയിലെ സ്വദേശാഭിമാനി വീരരാഘവൻ സ്‌മൃതി മണ്ഡപത്തിൽ നിന്ന് കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ. വേണുഗോപാലൻ നായരുടെ നേതൃത്വത്തിലുമെത്തിക്കും.

മൂന്ന് ജാഥകളും വൈകിട്ട് 3.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ കേന്ദ്രീകരിച്ച ശേഷം ചുവപ്പു സേനാംഗങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ പി.കെ.വി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) എത്തിച്ചേരും. പാർട്ടി ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തിയ ശേഷം നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ അഡ്വ.ജി.ആർ. അനിൽ അദ്ധ്യക്ഷനാകും. ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണൻ സ്വാഗതം പറയും. പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ, മന്ത്രിമാരായ കെ. രാജൻ, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ആലപ്പുഴ ഇപ്റ്റ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.

നാളെ രാവിലെ 9ന് രക്തസാക്ഷി ജയപ്രകാശിന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്ന് മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി. വസന്തത്തിന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏറ്റുവാങ്ങും. തുടർന്ന് പ്രതിനിധി സമ്മേളന നഗരിയായ ടാഗോർ തിയേറ്ററിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. ദിവാകരൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുൽകുമാർ അഞ്ജാൻ, ബിനോയ് വിശ്വം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്‌മായിൽ തുടങ്ങിയവർ പങ്കെടുക്കും.