cpi

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി,സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ മത്സരം

വരുമോ?.വിഭാഗീയതയുടെ നിഴലിൽ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തലസ്ഥാനത്ത് കൊടിയേറുമ്പോൾ,ഏറെ ആകാംക്ഷയുയർത്തുന്ന ചോദ്യം ഇതാണ്..

സംസ്ഥാന നേതൃത്വത്തിലെ ധാരണകളെ അട്ടിമറിക്കുന്ന വിധത്തിൽ വിവിധ ജില്ലാ സമ്മേളനങ്ങളിൽ അരങ്ങേറിയ മത്സരങ്ങൾ ,അതിനുള്ള സാദ്ധ്യത തള്ളുന്നില്ല. മത്സരമുണ്ടാകുമെന്ന് പരസ്യമായി വെടിപൊട്ടിച്ച മുതിർന്ന നേതാവ് സി. ദിവാകരൻ നൽകുന്നതും പാർട്ടിയിൽ അസ്വസ്ഥതയുടെ കനലെരിയുന്നതിന്റെ സൂചനയാണ് .

സംസ്ഥാന സെക്രട്ടറിയായി മൂന്നാം ടേമിലും തുടരുന്നതിന് കാനം രാജേന്ദ്രന് മുന്നിൽ സാങ്കേതിക

തടസ്സങ്ങളില്ല. എന്നാൽ , 75 വയസ്സ് പ്രായപരിധി നടപ്പാക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തീരുമാനമായി അടിച്ചേല്പിക്കാനാവില്ലെന്ന വാദത്തിലാണ് മറുചേരി. ഇതിന്റെ ഏറ്റവും വലിയ ഇരകളാകാൻ പോകുന്ന നേതാക്കൾ കെ.ഇ. ഇസ്മായിലും സി. ദിവാകരനുമായതിനാൽ , ഇവരുടെ നീക്കങ്ങളാവും ശ്രദ്ധേയം. പ്രായപരിധി മാർഗരേഖയ്ക്കെതിരെ സമ്മേളനത്തിൽ പ്രമേയം കൊണ്ടു വരാനാണ് ഇസ്മായിൽ ചേരിയുടെ നീക്കമെന്നാണ് വിവരം.

വിവിധ ജില്ലാ ഗ്രൂപ്പുകൾ ചേർന്നാണ് പുതിയ സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ നിർദ്ദേശിക്കേണ്ടത്. ഇതിനായി ചേരുന്ന ജില്ലാ ഗ്രൂപ്പ് യോഗങ്ങളിലും തർക്കങ്ങൾക്കുള്ള സാദ്ധ്യത തള്ളാനാവില്ല. അല്ലാതെയും സംസ്ഥാന കൗൺസിലിലേക്ക് നേരിട്ട് മത്സരിക്കാനുള്ള പഴുതുണ്ടെന്നിരിക്കെ, അതിനും പ്രതിനിധികൾ തയാറാവാം. സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തെ ആരെതിർക്കുമെന്നതും ചോദ്യമാണ്.

ഇസ്മായിലിന്റെ

അസാന്നിദ്ധ്യം

നെയ്യാറ്റിൻകരയിൽ നിന്നുള്ള കൊടിമരജാഥയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന കെ.ഇ. ഇസ്മായിൽ ഇന്നലെ ചടങ്ങിനെത്താതിരുന്നതും ചർച്ചയായി. അദ്ദേഹം ബഹിഷ്കരിച്ചതാണെന്ന പ്രചാരണമുണ്ടായെങ്കിലും, അത്യാവശ്യമായി പാലക്കാട്ട് പോകേണ്ടതിനാൽ ചടങ്ങിനെത്തില്ലെന്ന് നേരത്തേ തന്നെ സംഘാടകരെ അറിയിച്ചിരുന്നുവെന്നാണ് ഇസ്മായിൽ പറഞ്ഞത്. ചടങ്ങിൽ സി. ദിവാകരനെ ഉൾപ്പെടുത്തിയിരുന്നില്ല.