
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ നാലു മണിക്ക് എഴുന്നേൽക്കുമെന്ന് പറഞ്ഞ യു.ഡി.എഫ് കൺവീനർ എം.എം.ഹസനോട്, രാവിലെയാണോ വൈകിട്ടാണോയെന്ന് ട്രോളി രാഹുൽഗാന്ധി. കേരളത്തിലെ പര്യടനം അവസാനിക്കുന്നതിന് മുന്നോടിയായി നേതാക്കളുമായി നടത്തിയ ഫെയർവെൽ മീറ്റിംഗിലെ ചിരി പടർത്തിയ സംഭാഷണത്തിന്റെ വീഡിയോ രാഹുൽഗാന്ധി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. യാത്രയിൽ പങ്കെടുക്കാൻ രാവിലെ നാലരയ്‌ക്ക് എഴുന്നേൽക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ താൻ നാലു മണിക്ക് എഴുന്നേൽക്കുമെന്നായി ഹസൻ. ഈ ഘട്ടത്തിലാണ് രാവിലെയാണോ വൈകിട്ടാണോയെന്ന് രാഹുൽ ആരാഞ്ഞത്. മുരളീധരനും ഹസനും തമ്മിലായിരുന്നു നടക്കാൻ മത്സരമെന്നും രാഷ്ട്രീയം പോലെയായിരുന്നു യാത്രയുടെ മുൻനിരയെന്നും ഇടയ്ക്കൊക്കെ ചിലർ വീണെന്നും അവരെ പിടിച്ചെഴുന്നേൽപ്പിക്കേണ്ടി വന്നെന്നും രാഹുൽ.
യാത്രയ്‌ക്കിടെ രമേശ് ചെന്നിത്തല സമോസ കഴിക്കുന്നത് കണ്ടു. ചെന്നിത്തലജീ അത് നോൺവെജാണെന്ന് താൻ അപ്പോഴേ പറഞ്ഞു. എന്നാൽ കഴിച്ചു നോക്കാമെന്നായി ചെന്നിത്തല. പിന്നീട് സമോസ നൽകിയ ആളോട് ചോദിച്ചപ്പോൾ പാതി വെജും പാതി നോൺ വെജും എന്നായിരുന്നു ഉത്തരം. അത്തരമൊന്ന് താൻ ആദ്യമായാണ് കേൾക്കുന്നതെന്ന് രാഹുൽ പറഞ്ഞപ്പോൾ നേതാക്കൾ കൂട്ടച്ചിരിയായി. യാത്രയുടെ ഒരുഘട്ടത്തിൽ കടുത്ത മുട്ടുവേദന കാരണം നടക്കാൻ വയ്യാതെയിരിക്കുമ്പോഴാണ് ഒരു പെൺകുട്ടി കയ്യിലൊരു കുറിപ്പ് തരുന്നത്. എല്ലാ കഠിനപരീക്ഷണങ്ങൾക്കും ശമനമുണ്ടാകുമെന്നായിരുന്നു അതിൽ എഴുതിയിരുന്നതെന്ന് കുറിപ്പ് ഉയർത്തിക്കാട്ടി രാഹുൽ പറഞ്ഞു. എല്ലാ വേദനയും അതോടെ തീർന്നു. മുത്തശിയുടെയും അച്ഛന്റെയും മരണം എടുത്തുപറഞ്ഞ അദ്ദേഹം വ്യക്തിജീവിതത്തിൽ നേരിട്ട ആക്രമണങ്ങളും വേദനയും പങ്കുവച്ചു. ഇത്തരം സംഭവങ്ങൾ നേരിട്ട ഒരാൾക്ക് മറ്റുള്ളവരുടെ വേദന മനസിലാകുമെന്നും രാഹുൽ പറഞ്ഞു.
കേരളത്തിലെ ചെറുകിട വ്യവസായങ്ങളെല്ലാം തകർച്ചയിലാണ്. പരിസ്ഥിതിക്ക് വളരെയധികം പ്രാധാന്യം നൽകേണ്ട സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ കോൺഗ്രസ് സുരക്ഷിതമാണെന്നും പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളിലേക്ക് സ്‌ത്രീകളെയും യുവാക്കളെയും ദളിതരെയും കൊണ്ടുവരണമെന്നും രാഹുൽഗാന്ധി പറഞ്ഞു. കെ.സി.വേണുഗോപാൽ, കെ.സുധാകരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, കൊടിക്കുന്നിൽ സുരേഷ്, പി.സി.വിഷ്‌ണുനാഥ്,ടി.സിദ്ദിഖ് അടക്കമുളളവർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.