
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മുക്തമാക്കാൻ സർക്കാർ ആവിഷ്കരിച്ച 'നോ ടു ഡ്രഗ്സ് ' പ്രചാരണ പരിപാടി ഗാന്ധിജയന്തി ദിനമായ നാളെ തുടങ്ങും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തുന്ന ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും സംഘടിപ്പിക്കുന്ന ഉദ്ഘാടന പരിപാടികളിൽ മുഖ്യമന്ത്രിയുടെ പ്രസംഗം കേൾപ്പിക്കും.
പ്രചാരണ കാലയളവിൽ ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിർത്തികളിൽ റെയ്ഡും സ്‌കൂൾ, കോളേജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗും ശക്തമാക്കും. അതിർത്തികളിൽ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് വിഭാഗങ്ങൾ സംയുക്ത റെയ്ഡ് നടത്തും. മറ്റു പ്രധാന വകുപ്പുകളെല്ലാം പ്രചാരണപരിപാടിയുടെ ഭാഗമാവും.
ഒക്ടോബർ 3ന് സ്കൂൾ,കോളേജ് ക്ലാസ്സ് മുറികളിൽ ചർച്ചയും സംവാദവും സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസംഗം അന്ന് ക്ലാസ്സ് മുറികളിൽ കേൾപ്പിക്കണം. അതിന് സംവിധാനമില്ലെങ്കിൽ അസംബ്ലിയോ മറ്റോ സംഘടിപ്പിച്ച് പ്രസംഗം പ്രക്ഷേപണം ചെയ്യണം. ഒക്ടോബർ 6, 7 തീയതികളിൽ എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ/ എം.പി.ടി.എ/ വികസന സമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണം. ഒക്ടോ. 8 മുതൽ 12 വരെ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംവാദവും പ്രതിജ്ഞയും സംഘടിപ്പിക്കും. ലൈബ്രറികൾ, ഹോസ്റ്റലുകൾ, ക്ലബ്ബുകൾ, അയൽക്കൂട്ടങ്ങൾ, റസിഡൻസ് അസോസിയേഷൻ തുടങ്ങിയ ഇടങ്ങളിലാണ് ഇവ നടത്തുക.
പ്രചാരണം ഇങ്ങനെയും
പട്ടികജാതി/പട്ടികവർഗ്ഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം
തൊഴിൽ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ 15 മുതൽ 22 വരെ പ്രത്യേക പ്രചാരണം.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ 16 മുതൽ 24 വരെ തീരദേശമേഖലയിൽ പ്രചാരണം.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, വ്യാപാരി വ്യവസായികൾ തുടങ്ങിയവരും പങ്കാളികളാവും.
സ്‌കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ 25 മുതൽ നവംബർ ഒന്നു വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ 78 വിദ്യാഭ്യാസ ജില്ലകളിലൂടെ കടന്നുപോകുന്ന സൈക്കിൾ റാലി .
നവംബർ ഒന്നിന് വൈകിട്ട് 3 മണിമുതൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ശൃംഖല .