തിരുവനന്തപുരം: നഗരത്തിൽ എല്ലാ വാർഡുകളിലും സ്വീവേജ് കണക്ഷൻ ഉറപ്പാക്കുന്നതിന് വേണ്ടി ആദ്യഘട്ടത്തിൽ അഞ്ച് വാർഡുകളിൽ സ്വീവേജ് പമ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. കേരള വാട്ടർ അതോറിട്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. 350 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം നഗരസഭയുടെ പങ്കാളിത്തവും പദ്ധതിക്കുണ്ട്. പദ്ധതിയുടെ വിശദമായ ഡി.പി.ആർ വാട്ടർ അതോറിട്ടി തയ്യാറാക്കുകയാണ്. നഗരത്തിൽ 21 വാർഡുകളിൽ മാത്രമാണ് പൂർണമായി സ്വീവേജ് കണക്ഷനുള്ളത്. 22 വാർഡുകളിൽ ഭാഗികമായുമുണ്ട്. 57 വാർഡുകളിൽ നടപ്പാക്കിയിട്ടില്ല. നഗരസഭയുടെ 20ഇന കർമ്മപദ്ധതിയിലും എല്ലാ വീടുകളിലും 2024ന് മുമ്പ് സ്വീവേജ് കണക്ഷൻ നൽകുമെന്നുണ്ട്.
 സ്വീവേജ് നെറ്റ്‌വർക്ക്
നിലവിൽ മുട്ടത്തറയിലാണ് സ്വീവേജ് പ്ലാന്റുള്ളത്. ഇതിന് സമീപത്തുള്ള സ്ഥലങ്ങളിൽ നിന്നുമാത്രമേ വീടുകളിൽ നിന്ന് മാലിന്യം പൈപ്പ് ലൈൻ വഴി പ്ലാന്റിൽ എത്താക്കാനാകു. മറ്റിടങ്ങളിൽ നിന്ന് സെപ്ടിക്ക് വാഹനം വഴിയാണ് മാലിന്യം പ്ലാന്റിലെത്തിക്കുന്നത്. പുതിയ പദ്ധതിയുടെ ഭാഗമായി അഞ്ച് വാർഡുകൾ കേന്ദ്രീകരിച്ച് മാലിന്യം ശേഖരിക്കുന്നതിനായുള്ള കളക്ഷൻ വെൽ, അവിടെ നിന്ന് മാലിന്യം പമ്പ് ചെയ്യുനായുള്ള ലിഫ്റ്റിംഗ് സ്റ്റേഷൻ എന്നിവയാണ് സ്ഥാപിക്കുന്നത്. ഇവയെല്ലാം അടങ്ങിയതാണ് സ്വീവേജ് നെറ്റ്‌വർക്ക്. ലിഫ്റ്റിംഗ് സ്റ്രേഷനിൽ നിന്ന് മാലിന്യം മുട്ടത്തറയിലെ പമ്പിംഗ് സ്റ്റേഷനിൽ എത്തിക്കും. ദൂരത്തുള്ള വാർഡുകളിൽ നിന്ന് മാലിന്യങ്ങൾ ഓരോ കളക്ഷൻ വെല്ലുകളിൽ എത്തിച്ച് ലിഫിറ്റിംഗ് സ്റ്റേഷനുകൾ വഴി പമ്പ് ചെയ്ത് പ്രധാന പ്ളാന്റിൽ എത്തിക്കും. ഈ സംവിധാനമില്ലാത്തതിനാലാണ് 57 വാർഡുകളിൽ സ്വീവേജ്
കണക്ഷൻ നൽകാൻ സാധിക്കാത്തത്.
 ആദ്യ ഘട്ടത്തിൽ അഞ്ച് വാർഡിൽ
സ്വീവേജ് നെറ്ര്‌വർക്ക് ഇല്ലാത്ത വാർഡുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഈ സ്ഥലങ്ങളെ ഒൻപത് ക്ളസ്റ്ററായി തിരിച്ചിട്ടുണ്ട്. അതിൽ ഒന്നാം ക്ളസ്റ്ററിൽ ഉൾപ്പെടുന്ന ആറ്റുകാൽ, കാലടി, കളിപ്പാൻകുളം, അമ്പലത്തറ, കമലേശ്വരം എന്നീ വാർഡുകളിലാണ് സ്വീവേജ് നെറ്റ്‌വർക്ക് സംവിധാനം ആദ്യഘട്ടമെന്ന നിലയിൽ ആരംഭിക്കുന്നത്. വാർഡിൽ കണ്ടെത്തിയ അഞ്ച് സ്ഥലങ്ങളിൽ മൂന്നെണ്ണം നഗരസഭയുടെ ഉടമസ്ഥതയിലും ബാക്കി രണ്ടെണ്ണം സ്വകാര്യ വ്യക്തിയുടേതുമാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കാനായി വാർഡ് കൗൺസിലറുടെ സാന്നിദ്ധ്യത്തിൽ യോഗം നടത്തും. ഡി.പി.ആർ തയ്യാറാക്കി പൂർത്തിയാക്കുമ്പോൾ പദ്ധതി ചെലവ് കൂടാമെന്നും വിലയിരുത്തുന്നുണ്ട്.