
■ഏകപക്ഷീയ തീരുമാനമെന്ന് ഇസ്മായിൽ പക്ഷം
തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന്റെ തലേന്ന്, തലസ്ഥാന ജില്ലയിൽ നിന്നുള്ള മൂന്ന് സമ്മേളന പ്രതിനിധികളെ ഏകപക്ഷീയമായി ഒഴിവാക്കിയെന്ന ആരോപണം സി.പി.ഐയിൽ മറ്റൊരു വിവാദമായി.
കള്ളിക്കാട് ചന്ദ്രൻ, എം. രാധാകൃഷ്ണൻ നായർ, പൂവച്ചൽ ഷാഹുൽ ഹമീദ് എന്നിവരെയാണ് ഒഴിവാക്കിയത്. ജില്ലാ സമ്മേളനം പ്രതിനിധികളായി നിശ്ചയിച്ച ശേഷം അവസാന മണിക്കൂറിൽ തഴയുന്നത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് ഇസ്മായിൽ പക്ഷത്തിന്റെ ആരോപണം. നടപടി ഏകപക്ഷീയമാണെന്നാണ് ഒഴിവാക്കപ്പെട്ടവരുടെ പ്രതികരണം. ദീർഘകാലമായി സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിൽ അംഗങ്ങളായിരുന്ന മൂന്ന് പേരെയും കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് പ്രായ പരിധി മാനദണ്ഡം പറഞ്ഞ് ജില്ലാ കൗൺസിലിൽ നിന്നൊഴിവാക്കിയത്. എന്നാൽ മൂന്ന് പേരെയും സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളാക്കി.
സംസ്ഥാന സമ്മേളനം മത്സരത്തിലേക്ക് നീങ്ങുമെന്ന സൂചനകൾ അന്തരീക്ഷത്തിൽ ശക്തമായ സ്ഥിതിക്ക്, ഔദ്യോഗികപക്ഷത്തിനെതിരെ ചിന്തിക്കുന്നവരെയെല്ലാം നീക്കി ആധിപത്യമുറപ്പിക്കാനുള്ള നേതൃത്വത്തിന്റെ നീക്കമാണ് ഒഴിവാക്കലിന് പിന്നിലെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. ഒരു സമ്മേളനം തിരഞ്ഞെടുത്തയച്ച പ്രതിനിധികളെ ഒഴിവാക്കുന്നത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിൽ ആരോപിച്ചു.
നിലപാട് മയപ്പെടുത്തി
സി.ദിവാകരൻ
പ്രായപരിധി നിബന്ധനയ്ക്കെതിരെ നേരത്തേ ദൃശ്യമാദ്ധ്യമങ്ങളോട് തുറന്നടിച്ച മുതിർന്ന നേതാവ് സി. ദിവാകരൻ ഇന്നലെ നിലപാട് മയപ്പെടുത്തി. പ്രായപരിധി നിബന്ധന കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമാണെന്നും, അത് നടപ്പാക്കുമെന്നും ഇന്നലെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് ദിവാകരൻ പ്രതികരിച്ചു.
പ്രായപരിധി നടപ്പാക്കിയാലും ഇല്ലെങ്കിലും പാർട്ടിയിലുണ്ടാകുമെന്നും, തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും കെ.ഇ. ഇസ്മായിലും പ്രതികരിച്ചു.