1

പോത്തൻകോട്: വിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ തട്ടിയ കേസിൽ പ്രതിയെ മംഗലപുരം പൊലീസ് പിടികൂടി. മുദാക്കൽ സുധീഷ് വിലാസത്തിൽ മനീഷാണ് (40) അറസ്റ്റിലായത്. ഇടുക്കി സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 60ലേറെ പേരെ കബളിപ്പിച്ച് 3 കോടി 80 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. മനീഷും ഇയാൾക്കൊപ്പം താമസിക്കുന്ന ഷീജ എന്ന സ്ത്രീയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. വിവിധ സ്ഥലങ്ങലിൽ ഷീജയ്ക്കൊപ്പം വാടകയ്ക്ക് താമസിച്ച് സ്ഥലവാസികളുമായി ബന്ധംസ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്. വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ജോലി വാഗ്ദാനം ചെയ്തുള്ള പാേസ്റ്റുകൾ ഇട്ടാണ് ഇവർ ഇരകളെ വലയിലാക്കുന്നത്. 30,000 രൂപ മുതൽ 80,​000 രൂപ വരെ നൽകിയവരുണ്ട്. തട്ടിപ്പിനിരയാവരിൽ 22 പേർക്ക് വ്യാജ വിസ നൽകി വിദേശത്തേക്ക് അയച്ചെങ്കിലും അവിടെയെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ജോലിയും താമസവും ഭക്ഷണവുമില്ലാതെ ഒറ്റപ്പെട്ട ഇവരെ വീട്ടുകാർ പണം അയച്ചാണ് നാട്ടിലെത്തിച്ചത്. ഗൾഫിലേക്ക് പോകാൻ സാധിക്കാതെ വന്നാൽ കൈപ്പറ്റിയ തുക തിരികെ നൽകാമെന്നുകാട്ടി പണം നൽകിയവർക്ക് മുദ്രപ്പത്രത്തിൽ എഴുതി നൽകുകയും ഒപ്പിട്ട ചെക്കും വിശ്വാസത്തിനായി നൽകിയിരുന്നു. യു.എ.ഇ ഗവൺമെന്റിന്റെ വ്യാജ സീൽ പതിച്ച ഓഫർ ലെറ്റർ നൽകിയും ഇയാൾ വിശ്വാസ്യത നേടിയിരുന്നു. യാത്ര മുടങ്ങിയ പലരും ബാങ്കിൽ ചെക്കുമായെത്തിയപ്പോൾ ചെക്ക് മടങ്ങിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടത്. കണിയാപുരം സ്വദേശി ഷംനാദും തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നതായി പണം നഷ്ടപ്പെട്ടവർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ മനീഷിനെതിരെ ആറ്റിങ്ങൽ, പോത്തൻകോട്, വെഞ്ഞാറമൂട് തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളിൽ ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ട്രാവൽസിനും തട്ടിപ്പിൽ പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് മംഗലപുരം പൊലീസ് അറിയിച്ചു. മനീഷിന്റെ പേരിൽ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ കള്ളനോട്ട് കേസും നിലവിലുണ്ട്. മനീഷും ഷീജയും കാട്ടായിക്കോണം, ചന്തവിള എന്നിവിടങ്ങളിൽ സൂപ്പർ മാർക്കറ്റിന്റെയും ബേക്കറി ബിസിനസിന്റെയും മറവിലും തട്ടിപ്പ് നടത്തിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.