
തിരുവനന്തപുരം: സംഘ ശക്തിയുടെ കരുത്ത് കാട്ടി നഗര വീഥികളെ ചുവപ്പണിയിച്ച റെഡ് വോളന്റിയർ മാർച്ചോടെ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പുത്തരിക്കണ്ടം മൈതാനത്ത് സജ്ജമാക്കിയ പി.കെ.വി നഗറിലെ വേദിയിൽ ഉയർത്താനുള്ള പതാക, കൊടിമരം, ബാനർ എന്നിവ വഹിച്ചുകൊണ്ടുള്ള ജാഥയ്ക്ക് പിന്നാലെയാണ് ഒരേ താളത്തിൽ കാലുകൾ ചലിപ്പിച്ച്, കൈകൾ വീശി യുവാക്കളും യുവതികളും വരിവരിയായി നിരന്ന റെഡ് വോളന്റിയർ പരേഡ് നടന്നത്.
'മരിക്കാൻ ഞങ്ങൾക്ക് മനസില്ല... എന്നതടക്കമുള്ള വിപ്ലവ ഗാനങ്ങൾ റെഡ് ബാൻഡ് സംഘം മുഴക്കിയപ്പോൾ വീഥിക്കിരുവശവും കാത്തുനിന്ന അണികൾ ആവേശത്താൽ മുദ്രാവാക്യങ്ങൾ മുഴക്കി.
റെഡ് വോളന്റിയർ പരേഡിന് മുന്നിലായി പതാക, കൊടിമരം, ബാനർ ജാഥ. വിദ്യാർത്ഥികൾ പങ്കെടുത്ത റോളർസ്‌കേറ്റിങ്സംഘവും, തൊട്ടുപിന്നാലെ വെള്ളക്കുതിരകളും ഒട്ടകവും അണിനിരന്നു. ശിങ്കാരി മേളവും തെയ്യവും പൂക്കാവടിയും ഉത്സവച്ഛായ പകർന്നു. അതിനുശേഷമാണ് വിപ്ലവ ഗാനങ്ങളുമായി റെഡ് വോളന്റിയർ ബാൻഡ് ചുവടുവച്ചു നീങ്ങിയത്. സംസ്ഥാന വോളന്റിയർ ക്യാപ്റ്റൻ ആർ. രമേശ് ഏന്തിയ ചൊങ്കൊടിക്ക് പിന്നിലായി വനിത, പുരുഷ റെഡ് വോളന്റിയർമാർ പ്ലാറ്റൂണുകളായി അടിവച്ച് നീങ്ങി. 22 പ്ലാറ്റൂൺ റെഡ് വോളന്റിയർമാരാണ് പങ്കെടുത്തത്. രണ്ടു വരിയായി നീങ്ങിയ ചുവപ്പ് സേനാ മാർച്ച് സമ്മേളന നഗരിയിലെത്താൻ മണിക്കൂറുകളെടുത്തു. റെഡ് വോളന്റിയർ മാർച്ച് എത്തുന്നതിനുമുൻപേ പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനം ആരംഭിച്ചിരുന്നു.