
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പൊതുസമ്മേളനത്തിൽ ,മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മായിലിനും സി. ദിവാകരനും പരോക്ഷ മറുപടി നൽകി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈ സമ്മേളനവുമായി ബന്ധപ്പെട്ട് വളരെയധികം വാർത്തകൾ വരുന്നുണ്ടെന്നും ,അതാരെല്ലാം സംഭാവന ചെയ്യുന്നതാണ് എന്നിപ്പോൾ വിശദീകരിക്കുന്നില്ലെന്നും ഇരുവരെയും വേദിയിലിരുത്തി കാനം പറഞ്ഞു.
പാർട്ടിയുടെ ഐക്യവും സംഘടനാശക്തിയും ഊട്ടിയുറപ്പിച്ച് ശക്തമായി മുന്നോട്ട് പോകാനുള്ള തീരുമാനമെടുക്കുന്നതായിരിക്കും തിരുവനന്തപുരം സമ്മേളനം
കമ്യൂണിസ്റ്റ് പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ബൂർഷ്വാ മാദ്ധ്യമങ്ങളുടെ പ്രചാരണത്തെ അതിജീവിച്ച് മുന്നേറാനുള്ള കരുത്ത് സി.പി.ഐക്കുണ്ട്. പാർട്ടി ചർച്ചകൾ ഹൈജാക്ക് ചെയ്യാനാണ് മാദ്ധ്യമങ്ങളുടെ ശ്രമം. പാർട്ടിയിൽ വിഭാഗീയതയുണ്ട്, ഗ്രൂപ്പുകൾ തമ്മിൽ മത്സരമാണ് എന്നെല്ലാമാണ് മാദ്ധ്യമങ്ങൾ പറയുന്നത്. സി.പി.ഐ അഭിപ്രായമുള്ളവരുടെ പാർട്ടിയാണ്. പാർട്ടി ഘടകങ്ങളിൽ അംഗങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. പക്ഷേ, ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ സി.പി.ഐ അടി മുതൽ മുടി വരെ ഒറ്റക്കെട്ടായി നിൽക്കും. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങളേക്കാൾ വലുതല്ല സമ്മേളനത്തിലെ മറ്റു കാര്യങ്ങൾ.
1971ൽ തിരുവനന്തപുരത്ത് സംസ്ഥാനസമ്മേളനം നടന്നപ്പോഴാണ് താനും കെ.ഇ. ഇസ്മായിലും സംസ്ഥാന കൗൺസിലിൽ വന്നതെന്ന് നേരത്തേ സീനിയോറിറ്റി വിവാദമുയർത്തിയ സി. ദിവാകരന് മറുപടിയെന്നോണം കാനം പറഞ്ഞു. അന്ന് 34,600 ആയിരുന്നു പാർട്ടി അംഗസംഖ്യ. ഇപ്പോൾ അംഗസംഖ്യ 1,77,600 ആണ്. തിരുവനന്തപുരം ജില്ലയിലാണതേറ്റവും പ്രകടം. 24,000 ആണ് ജില്ലയിലെ അംഗസംഖ്യയെന്നും കാനം പറഞ്ഞു.
സ്വാഗതസംഘം ചെയർമാനായ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം അതുൽകുമാർ അൻജാൻ സംസാരിച്ചു.