1

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിൽ പ്രദേശവാസികളായ സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ച് മുല്ലൂരിൽ സ്ത്രീകളുടെ ധർണ. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചായിരുന്നു ധർണ നടത്തിയത്. സമരപ്പന്തലിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിക്കാർ പറയുന്നു.

ഇതിനെതിരെ നഗരസഭാ മുക്കോല വാർഡ് കൗൺസിലർ സി. ഓമനയും പ്രദേശവാസിയായ യോഗീശ്വരിയും വിഴിഞ്ഞം പൊലീസിലും സംസ്ഥാന വനിതാകമ്മിഷനിലും പരാതി നൽകി. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി ഉണ്ടായില്ലെങ്കിൽ ദേശീയ വനിതാ കമ്മിഷനിൽ പരാതിനൽകുമെന്ന് സമരക്കാർ പറഞ്ഞു. കൗൺസിലർ സി.ഓമന ധർണ ഉദ്‌ഘാടനം ചെയ്തു. മുക്കോല സന്തോഷ്, വെങ്ങാനൂർ ഗോപകുമാർ, ചൊവ്വര സുനിൽ, വേണുഗോപാലൻ നായർ, സതികുമാർ, സഞ്ചുലാൽ, മുല്ലൂർ ശ്രീകുമാർ, മോഹനചന്ദ്രൻ നായർ, വാഞ്ചു തുടങ്ങിയവർ സംസാരിച്ചു.