
പൂവാർ: അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അശ്വിൻ രാജിന്റെ (15) മരണത്തിൽ പൊലിഞ്ഞത് സാധു കുടുംബത്തിന്റെ പ്രതീക്ഷ. കരുംകുളം തുറയടി തെക്കേക്കര വീട്ടിൽ അശോക് - രാഖി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവനാണ് മാവിളക്കടവ് ആറ്റിൽ മുങ്ങിമരിച്ച അശ്വിൻ രാജ്. അനുജൻ ആരാൻ (10) രോഗിയാണ്. ജന്മനായുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായതിനാൽ ആരാനെ ഇതുവരെ സ്കൂളിൽ അയച്ചിട്ടില്ല. യാത്ര ചെയ്യാൻ ആരാന് കഴിയില്ല. അതിനാൽ സദാസയമവും വീട്ടിലാണ്. അവനെ പരിചരിക്കലാണ് അമ്മയുടെ ജോലി. വിദേശത്ത് ജോലിയിലായിരുന്ന അശോക് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം ഇളയ മകന്റെ ചികിത്സയ്ക്കും കുടുംബത്തിനുമായി ചെലവിട്ടതിനാൽ അശോകിന് സ്വന്തമായി ഒരു വീട് വയ്ക്കാൻ പോലും ഇതുവരെയും കഴിഞ്ഞിട്ടില്ല. രാഖിയുടെ കുടുംബ വീട്ടിലാണ് താമസം. അശ്വിൻ രാജിലായിരുന്നു ഇവരുടെ പ്രതീക്ഷ. മാവിളക്കടവ് ആറ്റിലുണ്ടായ അപകടത്തിൽ അശ്വിന്റെ പ്രാണൻ പൊലിഞ്ഞതോടെ സാധുകുടുംബം തീരാദുഃഖത്തിലായി. നല്ലൊരു ഫുട്ബാൾപ്ളയർ കൂടിയായിരുന്നു അശ്വിൻ. അപകട വാർത്തയറിഞ്ഞ് സഹപാഠികളും നാട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് അശ്വിന്റെ വീട്ടിലേക്കെത്തിയത്.