അമ്പലവയൽ: വയനാട് ഉൾപ്പടെ കേരളത്തിൽ വർധിച്ചുവരുന്ന തെരുവനായശല്യത്തിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (എം) അമ്പലവയൽ മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. അനിയന്ത്രിതമായ തെരുവുനായ ശല്യംമൂലം കേരളത്തിലെ നിരവധിയാളുകൾ മരണപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും ഉത്തരവാദിത്വപ്പെട്ടവർ മൗനം പാലിക്കുന്നത് പൊതുസമൂഹത്തോടുളള വെല്ലുവിളിയാണെന്ന് ധർണയിൽ പങ്കെടുത്തവർ പറഞ്ഞു. പ്രതിഷേധ ധർണ മണ്ഡലം പ്രസിഡന്റ് ടി.ഡി മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാനക്കമ്മിറ്റിയംഗം ജോസ് തോമസ്, മണ്ഡലം ജനറൽ സെക്രട്ടറി ജോർജ് ജോസഫ്, മണ്ഡലം വൈസ് പ്രസിഡന്റ് ടി.എം. ജോസ്, സിബി കാർത്തികയിൽ, ബാബു വല്ലടി, സിനി സിബി, ഷാജി ആരിശ്ശേരി, ടി.എം ഷാജി എന്നിവർ പ്രസംഗിച്ചു.