കൽപ്പറ്റ:വയനാട് ജില്ലാ ലൈബ്രറി കൗൺസിലും , ജില്ലാ ലൈബ്രറി വികസന സമിതിയും കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മൂന്ന് ദിവസങ്ങളിലായി നടത്തിയ ജില്ലാ പുസ്തകോത്സവം സമാപിച്ചു. നാൽപ്പത്തി ഏഴ് പ്രസാധകരുടെ എഴുപത്തി അഞ്ച് സ്റ്റാളുകളിൽ നിന്നുമായി നാൽപ്പതു ലക്ഷം രൂപയുടെ പുസ്തക വിൽപ്പന നടന്നു. ലൈബ്രറി കൗൺസിൽ പുസ്തകഗ്രാന്റ് ഉപയോഗിച്ച് ലൈബ്രറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരാണ് പുസ്തകങ്ങൾ വാങ്ങിയത്. സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച വയനാട്ടിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്തിക്കാൻ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ പ്രോഗ്രസീവ് ബുക്ക്സ് എന്ന പേരിൽ പ്രത്യേക സ്റ്റാൾ ഒരുക്കിയിരുന്നു. പുസ്തകമേള വിജയകരമായി സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.ബി.സുരേഷ്, സെക്രട്ടറി പി കെ സുധീർ , ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ ഇ.കെ ബിജുജൻ എന്നിവർ നന്ദി അറിയിച്ചു.