medical
ഡോ.മൂപ്പൻസ്‌ മെഡിക്കൽ കേളേജിലെ നാലാം ബാച്ച്‌ മെഡിക്കൽ വിദ്യാർത്ഥികൾ ബിരുദം സ്വീകരിച്ചശേഷം മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഡോ. വിഎം.ഇക്ബാൽ, യു.ബഷീർ, ഡോ.ഗോപകുമാരൻ കർത്താ തുടങ്ങിയവരോടൊപ്പം

മേപ്പാടി: പത്മശ്രീ ഡോ.ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ്‌ മെഡിക്കൽ കോളേജിലെ നാലാം ബാച്ച്‌ മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. ഉത്തരവാദിത്വവും അതിലുപരി മനുഷ്യസ്‌നേഹവും നിറഞ്ഞു തുളുമ്പേണ്ട ജോലിയാണ് ഡോക്ടർമാരുടേതെന്ന് ശൈലജ പറഞ്ഞു. സകല പ്രതീക്ഷകളും നഷ്ടപ്പെട്ട രോഗികൾക്ക് പുതുജീവൻ നൽകാൻ ഒരു ഡോക്ടർക്ക് സാധിക്കണം. ഒരു ഉത്തമ മനുഷ്യസ്‌നേഹിയായ വൈദ്യസമൂഹത്തെ വാർത്തെടുക്കുവാൻ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അവർ പറഞ്ഞു. ആസ്റ്റർ ഡി.എം ഹെൽത്ത്‌ കെയറിന്റെയും ഡോ.മൂപ്പൻസ്‌ മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സർവകലാശാല സ്റ്റുഡന്റസ് അഫയർ വിഭാഗം ഡീൻ ഡോ.വി.എം.ഇക്ബാൽ, എക്സിക്യൂട്ടീവ് ട്രസ്റ്റീ യു.ബഷീർ, ഡീൻ ഡോ.ഗോപകുമാരൻ കർത്താ, വൈസ് ഡീൻ ഡോ.എ.പി.കാമത്, മെഡിക്കൽ സൂപ്രണ്ട്‌ ഡോ. മനോജ് നാരായണൻ, പി.ടി.എ പ്രസിഡന്റ് നജീബ് കാരാടൻ, ഹൗസ് സർജൻസി അസോസിയേഷൻ പ്രസിഡന്റ്‌ ഡോ.ആമിന ഷഹല എ.പി, വൈസ് പ്രസിഡന്റ്‌ ഡോ.സൽമാൻ അഹമ്മദ് ഇ.ജെ എന്നിവർ പ്രസംഗിച്ചു. 2016 ബാച്ചിലെ ഏറ്റവും നല്ല മെഡിക്കൽ വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം ഡോ. ശ്രീഷ്മ.പി, മികച്ച ആസ്റ്റർ വോളന്റിയറിനുള്ള പുരസ്‌കാരം ഡോ.ആതില തൗഫീഖ് എന്നിവർക്ക് സമ്മാനിച്ചു.