കൽപ്പറ്റ: വനിതകൾക്കും യുവാക്കൾക്കും കൂടുതൽ പരിഗണന നൽകി സി.പി.ഐയിൽ പുതിയ ചുവടുവയ്പ്. ജില്ലാ കൗൺസിലിൽ ഒരു കാൻഡിഡേറ്റ് അംഗം ഉൾപ്പെടെ ഏഴു വനിതകളെ ഉൾപ്പെടുത്തിയാണ് ജില്ലാ സമ്മേളനം പൂർത്തിയായത്. ഇതാദ്യമായാണ് പാർട്ടി ജില്ലാ കൗൺസിലിൽ ഇത്രയും വനിതകളുടെ സാന്നിദ്ധ്യം. കഴിഞ്ഞ കൗൺസിലിൽ ഒരു കാൻഡിഡേറ്റ് അംഗം അടക്കം രണ്ട് വനിതകളാണ് ഉണ്ടായിരുന്നത്. കൗൺസിലിൽ യുവജന പ്രാതിനിദ്ധ്യവും വർദ്ധിച്ചു. എ.ഐ.വൈ.എഫിൽ നിന്ന് അഞ്ചുപേർ കൗൺസിലിൽ എത്തി.
കഴിഞ്ഞ കൗൺസിലിൽ രണ്ട് കാൻഡിഡേറ്റ് അംഗങ്ങളടക്കം 23 പേരാണ് ഉണ്ടായിരുന്നത്. പുതിയ കൗൺസിലിൽ മൂന്നു കാൻഡിഡേറ്റ് അംഗങ്ങളടക്കം 33 പേരുണ്ട്. ജില്ലയിൽ പാർട്ടി അംഗത്വത്തിൽ ഉണ്ടായ വർദ്ധനയാണ് കൗൺസിൽ അംഗങ്ങളുടെ എണ്ണം കൂടുന്നതിന് വഴിയൊരുങ്ങിയത്. നിലവിൽ 2700 പേർക്കു പാർട്ടി അംഗത്വമുണ്ട്. 300 ഓളം പേർ കാൻഡിഡേറ്റ് അംഗങ്ങളാണ്.
പാർട്ടി മാനദണ്ഡമനുസരിച്ചു കൗൺസിൽ അംഗങ്ങളിൽ 40 ശതമാനം 50 വയസിൽ താഴെ പ്രായക്കാരും 15 ശതമാനം വനിതകളും ആകണം. ഇതാണ് കൗൺസിലിൽ വനിത, യുവജന പ്രാതിനിദ്ധ്യം വർദ്ധിക്കുന്നതിനു ഇടയാക്കിയത്. എം.വിജയലക്ഷ്മി (നെൻമേനി), ശോഭ വിജയൻ (മാനന്തവാടി), എസ്.സൗമ്യ (കൽപ്പറ്റ), എം.എം.മേരി (പനമരം), പ്രഫ.താര ഫിലിപ്പ്, മഹിത മൂർത്തി (കൽപ്പറ്റ) എന്നിവരാണ് കൗൺസിലിലെ വനിതാ അംഗങ്ങൾ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്. ബിന്ദുവാണ് (മേപ്പാടി) കാൻഡിഡേറ്റ് അംഗം.
ജില്ലാ പ്രസിഡന്റ് സജി വർഗീസ്, സെക്രട്ടറി ലെനി സ്റ്റാൻസ് ജേക്കബ്, വൈസ് പ്രസിഡന്റ് എസ്. സൗമ്യ, ജോ.സെക്രട്ടറി നിഖിൽ പദ്മനാഭൻ, ബത്തേരി മണ്ഡലം വൈസ് പ്രസിഡന്റ് കലേഷ് സത്യാലയം എന്നിവരാണ് എ.ഐ.വൈ.എഫിൽ നിന്ന് കൗൺസിൽ എത്തിയത്. കാൻഡിഡേറ്റ് അഗം അതുൽ നന്ദൻ ഐ.ഐ.എസ്.എഫ് പ്രതിനിധിയാണ്. ഷിജു കൊമ്മയാടാണ് കൗൺസിലിലെ മറ്റൊരു കാൻഡിഡേറ്റ് അംഗം. കൗൺസിലിലെ മറ്റംഗങ്ങൾ: വിജയൻ ചെറുകര, ഇ.ജെ. ബാബു, പി.കെ.മൂർത്തി, സി.എസ്. സ്റ്റാൻലി, എം.വി.ബാബു, ടി.ജെ. ചാക്കോച്ചൻ, വി. യൂസഫ്, എൻ. ഫാരിസ്, സജി കവനാക്കുടി, വിനു ഐസക്, ഷിബു പോൾ, വി.കെ. ശശിധരൻ, അഡ്വ.കെ. ഗീവർഗീസ്, പി.എം. ജോയ്, ആലി തിരുവാൾ, അഷറഫ് തയ്യിൽ, കെ.കെ. തോമസ്, ടി. മണി, സി.എം.സുധീഷ്, വി. ദിനേശ്കുമാർ.