boat
മീനില്ല, ഇന്ധനവില വർദ്ധന

ആലപ്പുഴ: മത്സ്യക്ഷാമത്തോടൊപ്പം ഇന്ധനവില വർദ്ധനകൂടി തലയ്ക്കുമീതേ വന്നതോടെ തീരമേഖല വല്ലാത്ത പ്രതി​സന്ധി​യി​ൽ. കഴിഞ്ഞ ജൂണിൽ തുടങ്ങിയ മാന്ദ്യത്തിന് ഇതുവരെ അയവ് വന്നിട്ടില്ല.

കടലിൽ പോകുന്ന യന്ത്രവത്കൃത ബോട്ടുകളിലെ തൊഴിലാളികൾ നിരാശയോടെയാണ് തിരിച്ചെത്തുന്നത്. ഭൂരിഭാഗം ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ വിശ്രമത്തിലാണ്. ട്രോളിംഗ് നിരോധനത്തിന് ശേഷം കടൽ കനിയുമെന്ന് കരുതിയെങ്കിലും രക്ഷയില്ല. നാല് ദിവസത്തേക്കുള്ള ഇന്ധനം, ആഹാരം, ഐസ് ഉൾപ്പെടെയാണ് ബോട്ടുകൾ കടലിൽ പോകുന്നതെങ്കിലും പ്രതീക്ഷിക്കുന്ന മത്സ്യം ലഭിക്കുന്നില്ല. ഒന്നേകാൽ മുതൽ രണ്ടര ലക്ഷം രൂപവരെ ഒരു ബോട്ടിന് ചെലവാകും. ചെലവിനു പോലുമുള്ള മത്സ്യം ലഭിക്കാത്തതിനാൽ 30 ശതമാനം ബോട്ടുകളും വള്ളങ്ങളും മാത്രമാണ് മത്സ്യബന്ധനത്തിന് പോകുന്നത്.

ട്രോളിംഗ് നിരോധനം കഴിയുമ്പോൾ പുല്ലൻ ചെമ്മീൻ, കരിക്കാടി, കിളിമീൻ, നങ്ക് എന്നിവ ധാരാളം ലഭിക്കാറുണ്ടായിരുന്നു. ഇക്കുറി ഇതൊക്കെ പേരിനു മാത്രം. തീരക്കടൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്ക് പൂവാലൻ ചെമ്മീൻ, അയല, മത്തി, കൊഴുവ, നെത്തോലി, താടയും പാരയും തുടങ്ങി വിവിധയിനം മത്സ്യങ്ങളാണ് ലഭിച്ചിരുന്നത്. നിലവിൽ ഇവയുടെയെല്ലാം ലഭ്യതയിൽ വലിയ ഇടിവാണുള്ളത്. ഇന്ധനവില വർദ്ധനവിനൊപ്പം രജിസ്‌ട്രേഷൻ ഫീസ്, ക്ഷേമനിധി തുക കൂടിയതും മണ്ണെണ്ണ പെർമിറ്റ് നിറുത്തലാക്കിയതും മത്സ്യബന്ധന മേഖലയെ ആശങ്കയിലാക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളാണ് ഭൂരിഭാഗം മാർക്കറ്റുകളിലുമുള്ളത്.

# സബ്സിഡിക്ക് പഴക്കം ആറു വർഷം

മത്സ്യഫെഡ് വഴിയുള്ള മണ്ണെണ്ണ ലിറ്ററിന് 124 രൂപയ്ക്ക് വിൽക്കുമ്പോൾ സബ് സിഡി 25 രൂപ മാത്രം. മണ്ണെണ്ണ ലിറ്ററിന് 50 രൂപ ആയിരുന്ന 2015-16 കാലഘട്ടത്തിൽ നിശ്ചയിച്ച 25 രൂപ സബ്‌സിഡിയാണ് ഇപ്പോഴും തുടരുന്നത്. സബ്‌സിഡി വർദ്ധിപ്പിക്കാൻ തയ്യാറാകുന്നില്ല എന്നു മാത്രമല്ല നാലു മാസത്തെ തുക കുടിശ്ശികയുമാണ്. കരിഞ്ചന്തയേക്കാൾ കൂടിയ വിലയാണ് മത്സ്യഫെഡ് ഈടാക്കുന്നത്. കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നു പറയുന്നുണ്ടെങ്കിലും കുറഞ്ഞവിലയ്ക്ക് മണ്ണെണ്ണ നൽകാൻ സംസ്ഥാനം ഒരു നടപടിയും സ്വീകരിക്കുന്നില്ല.

# പിഴയിൽ ഇളവില്ല

ലൈഫ് ജാക്കറ്റ് നിർബന്ധാക്കിയ സാഹചര്യത്തിൽ ഇവ ഇല്ലെങ്കിൽ ഒരു ബോട്ടിന് 25,000 രൂപയാണ് പിഴ ചുമത്തുന്നത്. മത്സ്യബന്ധന പരിധിയുടെ ലംഘനത്തിന് 2.5 ലക്ഷം രൂപ പിഴയടയ്ക്കണം.

# ബോട്ടുകളുടെ ചെലവ് (പ്രതി​ദി​നം)

ലൈലാൻഡ് ബോട്ട് (8 മുതൽ 10 വരെ തൊഴിലാളികൾ): 1.15- 1.50 ലക്ഷം

ചൈനീസ് എൻജിൻ ഘടിപ്പിച്ച ബോട്ട് (10 മുതൽ 12 വരെ തൊഴിലാളികൾ): 2.5- 3 ലക്ഷം

ലൈലാൻഡ് വള്ളം (40 തൊഴിലാളികൾ): 45,000- 60,000

മത്സ്യ ക്ഷാമം ബോട്ടുടമകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. 40 ലക്ഷം മുതൽ 1.25 കോടി വരെ ചെലവഴിച്ചാണ് ബോട്ടുകൾ നിർമ്മിക്കുന്നത്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് പലരും

സന്തോഷ് കുമാർ, ബോട്ട് ഉടമ